| Friday, 14th June 2019, 9:50 pm

മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനത്തെതുടര്‍ന്ന് ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ രാജിവെച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീ. എസ്.പിക്കാണ് അന്വേഷണ ചുമതല.

ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ. രതീഷാണ് രാജിവെച്ചത്. എസ്.ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിക്കുന്നത്. എസ്.ഐ. പുരുഷോത്തമന്‍, സി.പി.ഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് രതീഷ് പറഞ്ഞിരുന്നു. തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് പറഞ്ഞിരുന്നു.

ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് പറഞ്ഞിരുന്നു.

കുടുംബാഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു. എന്നാല്‍ പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് അസോസിയേഷന്‍ പറയുന്നത്.

കണ്ണവം വനമോഖലയില്‍ നിന്നാണ് ആദിവാസി കുറിച്യ വിഭാഗത്തില്‍ നിന്നുള്ള രതീഷ് 2015ല്‍ സേനയിലെത്തിയത്. നിലവില്‍ എ.ആര്‍ ക്യാംപിലാണ്.

ഫോട്ടോ കടപ്പാട്: മലയാള മനോരമ 

We use cookies to give you the best possible experience. Learn more