തളിപ്പറമ്പ്: കണ്ണൂര്‍ ധര്‍മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാംവര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയായ മലപ്പുറം ജില്ലയിലെ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
അധ്യാപകന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു. ഇന്നലെ ഉച്ചയോടെ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. റാന്‍ടെക് എന്ന ഗുളിക അമിതമായി കഴിച്ചതാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് ആശുപതി അധികൃതര്‍ പറഞ്ഞു.
Read: ബാണാസുര അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ തന്നെ; വിശദീകരണം നല്‍കണമെന്ന് കളക്ടര്‍
പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലത്തിന്റെ മാനസികപീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥിനിയെ രണ്ടാഴ്ചയായി ക്ലാസില്‍ കയറ്റാറില്ല. ടെക്സ്റ്റൈല്‍ ക്ലാസിലെ 30 വിദ്യാര്‍ഥികളില്‍ 20 പേരെയും പുറത്താക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈ അധ്യാപകനെ പറ്റി മറ്റു വിദ്യാര്‍ഥികള്‍ക്കും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭയന്നാണ് അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ പരാതിപ്പെടാത്തതെന്ന് പൊലീസ് പറയുന്നു.
അതേസമയം, നിഫ്റ്റില്‍ ഒരുസംഘം ആളുകള്‍ അക്രമം നടത്തി. പ്രകടനമായെത്തിയ ഇവര്‍ കാമ്പസില്‍ കയറി ഗ്ലാസുകളും പൂച്ചട്ടികളും മറ്റും അടിച്ചുതകര്‍ത്തു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് നിഫ്റ്റിന് പൊലീസ് കാവലേര്‍പ്പെടുത്തി. അക്രമവുമായി ബന്ധപ്പെട്ട് 35ഓളം ആളുകളുടെ പേരില്‍ കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ ക്യാമറാദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡയറക്ടര്‍ ഇളങ്കോവന്റെ പരാതിയിലാണ് കേസ്.