| Friday, 8th April 2022, 10:57 pm

രക്തസാക്ഷികളുടെ മൃതദേഹത്തില്‍ ചവിട്ടിയാണ് അങ്ങ് കണ്ണൂരിലെത്തിയത്; 'കണ്ടറിയണം കോശി'താങ്കളുടെ ഭാവി; കെ.വി. തോമസിനോട് കണ്ണൂര്‍ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍.

അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രക്തസാക്ഷികളുടെ മൃതദേഹത്തില്‍ ചവിട്ടിയാണ് കെ.വി. തോമസ്
കണ്ണൂരിന്റെ മണ്ണില്‍ സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘അങ്ങ് എന്റെ നാടായ കണ്ണൂരിലേക്ക് വരുമ്പോള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങയെ സ്വാഗതം ചെയ്യേണ്ടതാണ്.

പക്ഷേ പുതിയ നിലപാടുമായി കണ്ണൂരിലേക്ക് വരുമ്പോള്‍ ഒരിക്കലും അങ്ങയെ കോണ്‍ഗ്രസുകാര്‍ക്ക് സ്വാഗതം ചെയ്യാന്‍ കഴിയുകയില്ല. കാരണം കണ്ണൂരിലെ മണ്ണ് സി.പി.ഐ.എം കാരുടെ കഠാര മുനയാല്‍ ജീവന്‍ നഷ്ടപ്പെട്ട, മാരകമായ പരിക്കിനാല്‍ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോര വീണ മണ്ണാണ്,’ ടി.ഒ. മോഹനന്‍ പറഞ്ഞു.

താങ്കളുടെ ഈ വരവ് ആ രക്തസാക്ഷി കുടുംബങ്ങളില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ ആയിരുന്നെങ്കില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം അങ്ങേയ്ക്ക് ‘ജയ്’ വിളിച്ചേനെ’. പ്രായക്കൂടുതല്‍ കാരണം കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല. എന്ന് പറയുന്ന താങ്കള്‍ ചേക്കേറാന്‍ പോകുന്നത് 75 കഴിഞ്ഞവരെയൊക്കെ(പിണറായി ഒഴികെ) മൂലക്ക് ഇരുത്തുന്ന സി.പി.ഐ.എമ്മിന്റെ ചാരത്തെക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍ താങ്കളുടെ ഭാവി’കണ്ടറിയണം കോശി’ എന്നെ പറയാനുള്ളൂവെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ. ടി.ഒ മോഹനന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട തോമസ് മാഷിന്,

അങ്ങ് എന്റെ നാടായ കണ്ണൂരിലേക്ക് വരുമ്പോള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങയെ സ്വാഗതം ചെയ്യേണ്ടതാണ്.
കാരണം കോണ്‍ഗ്രസിന്റെ കൊടി പിടിച്ചു എം.എല്‍.എ മുതല്‍
കേന്ദ്ര മന്ത്രിസ്ഥാനം വരെ അലങ്കരിച്ച നേതാവാണ് താങ്കള്‍.
അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കരിയര്‍ എടുത്തു പരിശോധിച്ചാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത തരത്തിലുള്ള പാര്‍ട്ടി- അധികാര പദവി കളാണ് അങ്ങ് വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഡി.സി.സി സെക്രട്ടറി, പ്രസിഡന്റ്,
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്,
ട്രഷറര്‍,AICC അംഗം.
ഭരണതലത്തില്‍ ആണെങ്കില്‍
രണ്ട് തവണ എം.എല്‍.എ, അഞ്ചു തവണ എം.പി, കേന്ദ്ര-സംസ്ഥാന മന്ത്രി പദം അങ്ങനെ നീളുന്നു സ്ഥാനങ്ങള്‍…

പക്ഷേ പുതിയ നിലപാടുമായി കണ്ണൂരിലേക്ക് വരുമ്പോള്‍ ഒരിക്കലും അങ്ങയെ കോണ്‍ഗ്രസുകാര്‍ക്ക് സ്വാഗതം ചെയ്യാന്‍ കഴിയുകയില്ല.

കാരണം കണ്ണൂരിലെ മണ്ണ് സി.പി.ഐ.എമ്മുകാരുടെ കഠാര മുനയാല്‍ ജീവന്‍ നഷ്ടപ്പെട്ട,
മാരകമായ പരിക്കിനാല്‍ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട
ഒരുപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോര വീണ മണ്ണാണ്.
അവിടെ
സജിത്ത് ലാലും,
ശുഹൈബും, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഷുക്കൂറും,മന്‍സൂറും
തൊട്ടടുത്ത കാസര്‍കോഡിലെ
ശരത് ലാലും, കൃപേഷും ഉള്‍പ്പെടെ നിരവധി പേരുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരുടെ മൃതദേഹത്തില്‍ ചവിട്ടിയാണ് അങ്ങ് കണ്ണൂരിന്റെ മണ്ണില്‍ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

താങ്കളുടെ ഈ വരവ് ആ രക്തസാക്ഷി കുടുംബങ്ങളില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ ആയിരുന്നെങ്കില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം അങ്ങേയ്ക്ക് ‘ജയ്’ വിളിച്ചേനെ.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പ്രവര്‍ത്തകര്‍ അത്തരം യാതന അനുഭവിച്ച
കാലഘട്ടങ്ങളില്‍ ഒന്നും തന്നെ താങ്കളെ ഇവിടെ എവിടെയും കണ്ടില്ല. കോണ്‍ഗ്രസുകാര്‍ സി.പി.ഐ.എമ്മുകാരുടെ വടിവാളുകള്‍ക്ക് ഇരയാവുമ്പോള്‍ താങ്കള്‍
ഏതെങ്കിലും അധികാര പദത്തിന്റെ സുഖ ശീതളിമയില്‍ ഇരുന്നു
തിരുതയും കൂട്ടി മൃഷ്ടാനം സദ്യ ഉണ്ണുകയായിരിക്കും.

ഈ സ്ഥാനങ്ങള്‍ ഒക്കെ അലങ്കരിച്ചിട്ടും പ്രസ്ഥാനത്തോട് താങ്കള്‍ ഇപ്പോള്‍ കാണിക്കുന്ന നന്ദികേടിലൂടെ അപമാനിക്കുന്നത് താങ്കള്‍ക്ക് വേണ്ടി വോട്ട് നേടാന്‍ ഊണും ഉറക്കവും ഒഴിഞ്ഞു പണിയെടുത്ത, ഇന്നുവരെ ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും ലഭിക്കാത്ത, ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയാണ്.

അവരൊക്കെ മൂവര്‍ണ്ണക്കൊടിയേന്തി കഷ്ടപ്പെട്ടത്
കെ.വി.തോമസിന് വേണ്ടി മാത്രമല്ല. മറിച്ചു രാജ്യത്ത് ബി.ജെ.പി എന്ന വര്‍ഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ കൂടിയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
സര്‍വ ശക്തിയുമെടുത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബി.ജെ.പിക്കെതിരെ പോരാടുമ്പോള്‍,
പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എവിടെയും ബി.ജെ.പി എന്ന ഒരു വാക്കുപോലും ഉരിയാടാതെ പിണറായിയും,

ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോഴും ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ല എന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന കാരാട്ട് -എസ്.ആര്‍.പി-ബേബി ഇത്യാദികള്‍ക്ക് വേണ്ടിയുമാണ് താങ്കള്‍ കണ്ണൂരിലേക്ക് വരുന്നത് എന്നറിയുമ്പോള്‍ ആത്മാര്‍ത്ഥതയില്ലാത്തവരുടെ കൂടെ കൂടുമ്പോഴുള്ള താങ്കളുടെ
ആത്മാര്‍ത്ഥത
എത്രമാത്രം എന്ന് ഊഹിക്കാവുന്നതേഉള്ളൂ.

പ്രായക്കൂടുതല്‍ കാരണം കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല എന്ന് പറയുന്ന താങ്കള്‍ ചേക്കേറാന്‍ പോകുന്നത് 75 കഴിഞ്ഞവരെയൊക്കെ (പിണറായി ഒഴികെ) മൂലക്ക് ഇരുത്തുന്ന സി.പി.ഐ.എമ്മിന്റെ ചാരത്തെക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍
താങ്കളുടെ ഭാവി ‘കണ്ടറിയണം കോശി’
എന്നെ പറയാനുള്ളൂ.

CONTENT HIGHLIGHTS: Kannur Mayor TO Mohanan criticizes KV Thomas arrived in Kannur to attend a seminar organized as part of the CPI (M) party congress.

We use cookies to give you the best possible experience. Learn more