| Wednesday, 4th August 2021, 4:32 pm

ജഡ്ജിമാര്‍ ആടിനെയും പശുവിനെയും വാങ്ങി വളര്‍ത്താതിരുന്നത് എന്താ?; ഹൈക്കോടതിയുടെ സര്‍ക്കാര്‍ ജോലി പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കേരളത്തിലെ യുവാക്കളെല്ലാം സര്‍ക്കാര്‍ ജോലിക്ക് പിന്നാലെയാണെന്നും ഈ നിലപാട് മാറണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍. ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് കുറയുമോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിനെയാണ് മേയര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

എല്‍.എല്‍.ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ടി.ഒ. മോഹനന്‍ ചോദിച്ചു. ജഡ്ജിയായിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്നാണ് ചില ന്യായിധിപന്മാര്‍ കരുതുന്നതെന്നും മോഹനന്‍ പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണയിലായിരുന്നു മേയറുടെ പ്രതികരണം.

കഴിഞ്ഞദിവസം പി.എസ്.സി ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി സര്‍ക്കാര്‍ ജോലി സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, എ. ബദറുദ്ദീന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി കേട്ടിരുന്നത്.

പി.എസ്.സി ആവശ്യപ്പെട്ട സമയത്ത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേരളത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിര്‍ബന്ധമുള്ളതെന്നും യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

എം.എ.സിയൊക്കെ കിട്ടിക്കകഴിഞ്ഞാല്‍ പിന്നെ ആടിനെയൊന്നും വളര്‍ത്താന്‍ ആരും തയ്യാറാകുന്നില്ലെന്നും ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് കുറയുമെന്ന ചിന്തയാണ് എല്ലാവര്‍ക്കുമെന്നും കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം തന്നെ ഹൈക്കോടതിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kannur Mayor T O Mohanan against Kerala High Court

We use cookies to give you the best possible experience. Learn more