കണ്ണൂര്‍: മലപ്പുറം കവളപ്പാറയ്ക്കു സമാനമായി കണ്ണൂരിലെ തിരുമേനി കൊറാളിമലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടയില്‍പ്പെട്ടെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികള്‍. പ്രദേശത്തെ ക്വാറിയില്‍ തൊഴിലെടുത്തിരുന്ന ഇതര സംസ്ഥാനക്കാരെ ദുരന്തമുണ്ടായ ദിവസം വരെ നാട്ടുകാര്‍ കണ്ടിരുന്നുവെന്നിരിക്കെ ഇവര്‍ പത്തുദിവസം മുമ്പേ തന്നെ നാട്ടിലേക്കു പോയിരുന്നുവെന്ന ക്വാറി അധികൃതരുടെ വാദമാണ് സംശയം വര്‍ധിപ്പിക്കുന്നത്.
കവളപ്പാറയില്‍ മണ്ണിടിച്ചലുണ്ടായ ആഗസ്റ്റ് ഒമ്പതിന് തന്നെയാണ് കൊറാളിമലയിലും മണ്ണിടിച്ചലുണ്ടായത്. സമീപദിവസങ്ങളില്‍ ക്വാറിയിലും പരിസരത്തും മണ്ണിടച്ചലുണ്ടായ സാഹചര്യത്തില്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രദേശത്തെ താമസക്കാരായ അഞ്ചുപേര്‍ മലമുകളിലെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി സന്ദര്‍ശിച്ചിരുന്നു. ക്വാറിയിലുണ്ടായ വിള്ളല്‍ മണ്ണിട്ടുമൂടുന്ന തൊഴിലാളികളെ തങ്ങള്‍ അവിടെ കണ്ടിരുന്നെന്നാണ് ആ ദിവസം ക്വാറി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്ന ബേബി കിഴക്കരക്കാട്ട് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
‘ഞങ്ങള്‍ ചെല്ലുമ്പോള്‍ മൂന്ന് ഹിന്ദിക്കാരായ തൊഴിലാളികള്‍ മല മണ്ടയിലുണ്ടായ വിള്ളല്‍ മണ്ണിട്ടു മൂടിക്കൊണ്ടിരിക്കുകയായിരുന്നു. വിള്ളലിന്റെ വാര്‍ത്ത പുറം ലോകമറിയാതിരിക്കാനുള്ള ക്വാറിക്കാരുടെ പരിപാടിയാണെന്ന് ഞങ്ങള്‍ക്ക് മനസിലായി, ആ ഹിന്ദിക്കാരല്ലാതെ മറ്റാരും അവിടെയില്ലായിരുന്നു. വളരെ ആശങ്കാജനകമായിരുന്നു ക്വാറിയുടെ പരിസരത്തെ സാഹചര്യം. പത്തുലക്ഷം ലിറ്ററോളം ശേഷിയുള്ള വലിയൊരു ജലസംഭരണക്കുഴിയും അവിടെ ഉണ്ടായിരുന്നു. അവിടമാകെ നടന്നു കണ്ടതിനു ശേഷം ഞങ്ങള്‍ മലയിറങ്ങി.’
മലമുകളിലെ ക്വാറിയില്‍ കെട്ടി നിര്‍ത്തിയിരുന്ന വെള്ളം അന്ന് വൈകുന്നേരം പൊട്ടിയൊഴുകി താഴ്‌വാരത്തേക്കു വരികയായിരുന്നുവെന്നാണ് കൊളാരിമല ക്വാറിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് പറയുന്നത്. ഈ മണ്ണിടിച്ചലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടെന്നും അദ്ദേഹം പറയുന്നു.
‘ഇതേത്തുടര്‍ന്ന് കോക്കടവ് ടൗണിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ആഗസ്റ്റ് പത്താം തീയ്യതിയാണ് ക്വാറിയിലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും മണ്ണിനടിയിലായതായി നാട്ടുകാര്‍ അറിയുന്നത്. ക്വാറിയില്‍ നിന്ന് മലവെള്ളമൊഴുകി വന്ന വഴിയിലായിരുന്നു ഈ വീട്. ഭൂമിക്കടിയിലേക്ക് പത്തടിയോളം ആഴത്തില്‍ വീട് താഴ്ന്നുപോവുകയാണ് ചെയ്തത്. വീട്ടില്‍ സ്ത്രീകളടക്കം അഞ്ച് തൊഴിലാളികള്‍ താമസിച്ചിരുന്നതായി പലരും കണ്ടിട്ടുണ്ട്. ഇവിടെ താമസിച്ചവര്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കാമെന്നു തന്നെ ഞങ്ങള്‍ സംശയിക്കുന്നു. സന്ധ്യയ്ക്കു ശേഷമാണ് അപകടം നടന്നത് എന്നതിനാല്‍ താമസക്കാര്‍ വീട്ടിനകത്തുണ്ടാകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ആരും പരിശോധന നടത്തിയില്ല.
ക്വാറി നടത്തിപ്പുകാര്‍ ഈ പരിസരത്തേക്ക് വന്നു നോക്കിയായി പോലും ആരും കണ്ടിട്ടില്ല. ക്വാറിയില്‍ ഉരുള്‍പൊട്ടിയത് ഓഗസ്ത് 9 ന് സന്ധ്യയ്ക്കായിരുന്നു. ക്വാറിയ്ക്ക് 250 മീറ്റര്‍ അടുത്തായാണ് ഈ വീട്.. ഇവിടെ നിന്നും അരക്കിലോമീറ്റര്‍ താഴെയാണ് ജനവാസമുള്ളത്, ഇരമ്പിയാര്‍ക്കുന്ന വെള്ളത്തിന്റെ ശബ്ദത്തിനിടെ മലമുകളില്‍ എന്ത് സംഭവിച്ചാലും ആ ദിവസങ്ങളില്‍ ആരും ഒന്നും അറിയുമായിരുന്നില്ല.’ സന്തോഷ് പറയുന്നു.
തകര്‍ന്ന് മണ്ണിനടിയിലായ വീടിനകത്ത് ആരെങ്കിലും പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഒരനേഷണവും നടന്നിട്ടില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞ ദിവസം പൊലീസിലും തിരുമേനി വില്ലേജ് ഓഫീസിലും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഈ ക്വാറിയിലെ തൊഴിലാളികള്‍ ജൂണ്‍ മാസത്തിനു ശേഷം ഇവിടെ താമസിച്ചിട്ടില്ലെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്. ഈ തൊഴിലാളികള്‍ ഉത്തരേന്ത്യക്കാരല്ലെന്നും നേപ്പാളികളാണെന്നും ഉടമകളിലൊരാളായ നാരായണന്‍ നമ്പ്യാര്‍ പറയുന്നു. എന്നാല്‍ ഉടമയുടെ ഈ വാദം നാട്ടുകാരും ആക്ഷന്‍ കമ്മറ്റിയും അംഗീകരിക്കുന്നില്ല. സംഭവ ദിവസം ഉച്ചയ്ക്ക് പോലും തൊഴിലാളികളെ കണ്ടെന്നിരിക്കെ ക്വാറി ഉടമകള്‍ ഇത് നിഷേധിക്കുന്നതാണ് സംശയത്തിന് ഇടയാക്കിയതെന്നും ഈ വൈരുദ്ധ്യമാണ് ഏറെ വൈകിയാണെങ്കിലും പരാതി നല്‍കാനുള്ള കാരണമായതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
നാട്ടുകാര്‍ സംശയിക്കുന്നതു പോലെ മണ്ണിനടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ട് എങ്കില്‍ കേരളത്തെ ഞെട്ടിക്കുന്ന ഒന്നായി കോറാളിമല അപകടം മാറും. ഒപ്പം ക്വാറി മേഖലയില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കും ചൂഷണങ്ങളിലേക്കുമുള്ള ചൂണ്ടുപലകയുമാകും അത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ പരിസ്ഥിതി സമരങ്ങളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത ‘സേവ് കേരള ക്യാമ്പയിന്‍ കമ്മറ്റി’ കഴിഞ്ഞയാഴ്ച കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് കോറാളിമലയിലെ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായിട്ടുണ്ടാകാം എന്ന ആശങ്ക പുറം ലോകത്തെത്തുന്നത്. 15 വര്‍ഷം മുന്‍പാണ് ചെറുപുഴ പഞ്ചായത്തില്‍ തിരുമേനി വില്ലേജില്‍ ചെറിയ തോതില്‍ ഒരു കരിങ്കല്‍ ക്വാറി പ്രവര്‍ത്തനമാരംഭിക്കുന്നത്, പിന്നീട് ക്രഷറും ആരംഭിച്ചു.
തിരുവനന്തപുരത്തെ ഭൗമ ശാസ്ത്ര പഠനകേന്ദ്രം 2013 ല്‍ തന്നെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടിരുന്നു. ‘റെഡ് സോണില്‍ ‘ ആണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ഭൗമ ശാസ്ത്ര പഠനകേന്ദ്രം പ്രസിദ്ധീകരിച്ച മാപ്പില്‍ ഇത് വ്യക്തവുമാണ് .
2017 ല്‍ തിരുമേനിയില്‍ തന്നെ മറ്റൊരു ക്വാറി തുടങ്ങാന്‍ കണ്ണൂര്‍ ജില്ലാ ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ മലയോര ക്വാറി വിരുദ്ധ സമിതി പരാതി നല്‍കിയിരുന്നതായി പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍ പൈകട ഡൂള്‍ന്യൂസിനോടു പറഞ്ഞു.
”ഞങ്ങളുടെ പരാതി പരിഗണിക്കാതെ ആ ക്വാറിക്ക് ജിയോളജി വകുപ്പ് അനുമതി നല്‍കി. ഇവിടെ ഉരുള്‍പൊട്ടലിനൊപ്പം സോയില്‍ പൈപ്പിംഗും പ്രശ്നമായിട്ടുണ്ട്, അതാണ് വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകാന്‍ കാരണം. നിയമപരമായ മാനദണ്ഡങ്ങളൊന്നും ഈ ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ പാലിച്ചിട്ടില്ല. പഞ്ചായത്തിന്റെ അനുമതി പോലും ഇല്ലായിരുന്നു. എന്നിട്ടും രണ്ടു വര്‍ഷക്കാലം ക്വാറിയും ക്രഷറും നിയമവിരുദ്ധമായിത്തന്നെ പ്രവര്‍ത്തനം തുടര്‍ന്നു. പരാതിയെത്തുടര്‍ന്ന് ജിയോളജി വകുപ്പ് ക്വാറിക്ക് 15 ലക്ഷം രൂപ പിഴ വിധിക്കുകയും 2019 ജൂണ്‍ 24 ന് ക്വാറി ഉടമകള്‍ പിഴയടക്കുകയും ചെയ്തിരുന്നു. ശേഷം ക്വാറിക്ക് ജിയോളജി അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി ‘
നോബിള്‍ പറയുന്നു.
റെഡ് സോണില്‍ ഇനി അനുമതി കിട്ടില്ല എന്നുറപ്പായതോടെ ഇതിനു തൊട്ടു താഴെ 6 ഏക്കര്‍ സ്ഥലമെടുത്ത് ഖനനാനുമതി തേടി ഉടമകള്‍ അപേക്ഷ നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി വര്‍ഷങ്ങളോളം ഖനനം നടന്നതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തിനു തൊട്ടു താഴെ വീണ്ടും ഖനനം തുടങ്ങുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
മലമുകളില്‍ നിരവധിയിടങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. ഈ വിള്ളലുകള്‍ മണ്ണിട്ടു മൂടിക്കൊണ്ടാണ് ഇത്രയും കാലം ക്വാറി പ്രവര്‍ത്തനം തുടര്‍ന്നത്. വിള്ളലുകളിലൂടെ വെള്ളമിറങ്ങിയാല്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും അവര്‍ പറയുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജെ.സി.ബി കൊണ്ടുവന്ന് പത്തടിയിലേറെ ആഴത്തില്‍ മണ്ണ് നീക്കിയാണ് പരിശോധന നടത്തേണ്ടത്. ക്വാറി മേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങളൊന്നും സര്‍ക്കാരിന്റെ കയ്യിലില്ല എന്നതാണ് മറ്റൊരു വസ്തുത. ഇവര്‍ക്ക് അപകടം സംഭവിച്ചാല്‍ പോലും പുറം ലോകമറിയുന്നില്ല.
മലയിലെ പാറമടയില്‍ പണിയെടുത്തത് നേപ്പാള്‍ സ്വദേശികളായിരുന്നു എന്നാണ് ഉടമ തന്നെ വെളിപ്പെടുത്തിയത്. ഖനന മേഖലയില്‍ വിദേശ പൗരന്‍മാര്‍ തൊഴിലെടുക്കുമ്പോള്‍ പോലും അധികാരികളറിയുന്നില്ല എന്നത് പ്രശ്നത്തിന്റെ ആഴം പിന്നെയും വര്‍ധിപ്പിക്കുന്നു.