പയ്യന്നൂര്‍: കണ്ണൂര്‍- കാസര്‍കോട് ജില്ലാ അതിര്‍ത്തി അടച്ചു. ദേശീയ പാത മുളവെച്ചാണ് ആണ് അടച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ജില്ലകളുടെ അതിര്‍ത്തി അടയ്ക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്തു.
മുളവെച്ച് ബാരിക്കേഡുകള്‍ തീര്‍ത്തതു വഴി കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ചെറിയ റോഡുകളും അടച്ചിട്ടുണ്ട്.
ചരക്ക് ഗതാഗതം, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമേ കടത്തിവിടുകയുള്ളു. സ്വകാര്യ വാഹനങ്ങളുള്‍പ്പെടെയുള്ള മറ്റു ഗതാഗത സൗകര്യങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണ മേര്‍പ്പെടുത്തിയ പ്രദേശത്ത് പൊലീസ് ആളുകളെയൊക്കെ മടക്കി അയക്കുന്നുമുണ്ട്.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പൊലീസ് ദേശീയ പാത മുളവെച്ച് അടച്ചിരിക്കുന്നത്. ഈ പ്രദേശത്ത് നാല് കേന്ദ്രങ്ങളിലാണ് പൊലീസ് മുളകൊണ്ട് ബന്ധിച്ചിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും തിരിച്ചുമുള്ള സമ്പൂര്‍ണ യാത്രയാണ് ഇതുവഴി നിരോധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ല പൂര്‍ണ്ണമായി അടച്ചിടുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാനും ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം ബെവ്കോ അടക്കില്ല. സാനിറ്റൈസര്‍ അടക്കമുള്ളവയുടെ നിര്‍മ്മാണം കാരണം ബെവ്കോയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഉണ്ടാകും.
ഭാഗികമായി അടക്കുന്ന മറ്റ് ജില്ലകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആളുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനത്തിന്റെ കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് വൈകീട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.
ചിത്രം കടപ്പാട്- മനോരമ.കോം