തിരുവനന്തപുരം: കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളെജ് പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടിട്ടും സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ചട്ടവിരുദ്ധമായ പ്രവേശനം റദ്ദ് ചെയ്യാനും പ്രവേശനം നേടിയ 180 കുട്ടികളെ പുറത്താക്കാനും സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും ബില്ലുമായി തുടര്‍ന്ന് പോവാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ നിയമ വകുപ്പിലേക്ക് കൈമാറി. ഉടന്‍ തന്നെ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെയാണ് ഇത് മറികടക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പാസാക്കിയത്. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് പാസാക്കിയ ബില്ലിനെ വി.ടി ബല്‍റാം മാത്രമായിരുന്നു സഭയില്‍ എതിര്‍ത്തത്. എന്നാല്‍ ഇന്ന് സുപ്രീം കോടതി ചട്ടവിരുദ്ധമായ പ്രവേശനം റദ്ധ് ചെയ്യാനും പ്രവേശനം നേടിയ 180 കുട്ടികളെ പുറത്താക്കാനും ഉത്തരവിട്ടു. പക്ഷേ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്.
കേരള നജ്വത്തുല്‍ മുജാഹീദീന്റെ കീഴിലാണ് കരുണ മെഡിക്കല്‍ കോളേജ്. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോളജിന്റെ പ്രവര്‍ത്തനം. ഈ കോളേജിലെ 31 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സിലൂടെ സാധുവാക്കിയത്. വന്‍ തുകയാണ് മാനേജ്‌മെന്റ് പ്രവേശനത്തിന് തലവരിപ്പണമായി വാങ്ങിയത്. പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെ 45 ലക്ഷം രൂപ വരെ തലവരിപ്പണമായി മാനേജ്മെന്റ് വാങ്ങിയിട്ടുണ്ടെന്നാണ് രേഖകള്‍. മാനേജ്‌മെന്റിനെയും സംഘടനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സ് എന്നാണ് ആരോപണം.
അതേസമയം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിരിക്കുന്ന സ്ഥലം കൈമാറിയത്. കറപ്പത്തോട്ടമായിരുന്ന സ്ഥലം ഭൂമികൈമാറ്റ നിയമം ലംഘിച്ചാണ് കാന്തപുരം വാങ്ങിയതും കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു. 137 വിദ്യാര്‍ത്ഥികളുടെ അഡ്മിഷനാണ് ഇവിടെ ഓര്‍ഡിനന്‍സ് വഴി സാധുവാക്കിയെടുത്തത്.