കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളെജ് പ്രവേശന കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് കോടതി
Kannur-Karuna Medical College Issue
കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളെജ് പ്രവേശന കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 1:35 pm

ന്യൂദല്‍ഹി: കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളെജ് പ്രവേശന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പ്രവേശനം റദ്ധ് ചെയ്യാനും പ്രവേശനം നേടിയ 180 കുട്ടികളെ പുറത്താക്കാനും സുപ്രിം കോടതി ഉത്തരവിട്ടു. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയ ഓര്‍ഡിനസും കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബില്‍ പാസാക്കിയത്. വി.ടി ബല്‍റാം മാത്രമായിരുന്നു കഴിഞ്ഞ ദിവസം ബില്ലിനെതിരെ രംഗത്തു വന്നിരുന്നത്.

കേരള നജ്വത്തുല്‍ മുജാഹീദീന്റെ കീഴിലാണ് കരുണ മെഡിക്കല്‍ കോളേജ്. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോളജിന്റെ പ്രവര്‍ത്തനം. ഈ കോളേജിലെ 31 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സിലൂടെ സാധുവാക്കിയത്. വന്‍ തുകയാണ് മാനേജ്മെന്റ് പ്രവേശനത്തിന് തലവരിപ്പണമായി വാങ്ങിയത്. പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെ 45 ലക്ഷം രൂപ വരെ തലവരിപ്പണമായി മാനേജ്‌മെന്റ് വാങ്ങിയിട്ടുണ്ടെന്നാണ് രേഖകള്‍. മാനേജ്മെന്റിനെയും സംഘടനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സ് എന്നാണ് ആരോപണം.


Also Read വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും


അതേസമയം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിരിക്കുന്ന സ്ഥലം കൈമാറിയത്. കറപ്പത്തോട്ടമായിരുന്ന സ്ഥലം ഭൂമികൈമാറ്റ നിയമം ലംഘിച്ചാണ് കാന്തപുരം വാങ്ങിയതും കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു. 137 വിദ്യാര്‍ത്ഥികളുടെ അഡ്മിഷനാണ് ഇവിടെ ഓര്‍ഡിനന്‍സ് വഴി സാധുവാക്കിയെടുത്തത്.

അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ വാര്‍ത്തകളിലിടം പിടിച്ച സ്ഥാപനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ്. കറപ്പത്തോട്ടം ഭൂമികൈമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കാന്തപുരം വാങ്ങി മറ്റുസ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്നായിരുന്നു ആരോപണം. കാന്തപുരത്തെ നാലാം പ്രതിയാക്കി കണ്ണൂര്‍ സ്വദേശി എ.കെ ഷാജിയായിരുന്നു പരാതി നല്‍കിയത്.


Related: പരമോന്നത കോടതിയുടെ ഉത്തരവിനും സൂപ്പര്‍വൈസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനും സ്വന്തം ഓര്‍ഡിനന്‍സിനും മുകളില്‍ പറന്ന് സംസ്ഥാന സര്‍ക്കാര്‍; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി


വ്യവസായിയായിരുന്ന മണര്‍കാട് പാപ്പന്റെ മക്കളായ സുരേഷ് മൈക്കിള്‍, നിര്‍മ്മല മൈക്കിള്‍ എന്നിവരില്‍ നിന്ന് 2000 ഏപ്രിലില്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യാരാണ് ഒന്നരക്കോടി രൂപയ്ക്ക് കറപ്പത്തോട്ടം വാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം കണ്ണൂര്‍ പഴയങ്ങാടി സ്വദേശി കെ.കെ.അബ്ദുള്‍ജബ്ബാര്‍ ഹാജിക്ക് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ തോട്ടം കൈമാറുകയായിരുന്നു. ജബ്ബാര്‍ ഹാജിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ട്രസ്റ്റാണ് ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം മുറിച്ചുവില്‍ക്കാനോ നിര്‍മ്മാണം നടത്താനോ പറ്റാത്തയിടമാണ് കറപ്പത്തോട്ടം.

കറപ്പത്തോട്ടത്തിന്റെ 1863 മുതലുള്ള രേഖകള്‍ പകര്‍ത്തിയാണ് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. 2004ലും 2007ലും ഈ രേഖകളില്‍ കൃത്രിമം നടന്നതായി പറയുന്നു. മൈക്കിള്‍ സഹോദരന്മാരില്‍ നിന്ന് കറപ്പത്തോട്ടം കാരന്തൂര്‍മര്‍ക്കസ്സിന് കൈമാറുമ്പോള്‍ അത് തോട്ടം എന്ന നിലയില്‍ തന്നെയാണ് റജിസ്റ്റര്‍ ചെയ്തത്. ഒരു തരത്തിലും മുറിച്ച് വില്‍ക്കാനോ സ്ഥാപനങ്ങള്‍ പണിയാനോ നിയമപ്രകാരം ഇവിടെ അനുവദനീയമല്ലെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

DoolNews Video