| Tuesday, 22nd February 2022, 11:16 am

കണ്ണൂര്‍ ഒരു കലാപ കേന്ദ്രമല്ല, കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂരിനെ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ ഒരു കലാപ കേന്ദ്രമല്ല, എന്നാല്‍ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഈ ശ്രമങ്ങളെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങളും, അക്രമങ്ങളും സംബന്ധിച്ച് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നമ്മുടെ നാട് ക്രമസമാധാന രംഗത്ത് മികവുറ്റതാണ്, ഇക്കാര്യം നീതി ആയോഗ് കണക്കുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. സംശയത്തിന് ഇട നല്‍കാത്തതരത്തില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത് അതി ക്രൂരമായ കൊലപാതകം ആയിരുന്നു. തലശേരിയിലെ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്, കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്തൊരു കൊലപാതകമാണ് ഇത്. രണ്ട് പേരെ വകവരുത്തുമെന്ന് അവിടെ ഒരു ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: Kannur is not a riot center, some are trying to make it a riot center: Pinarayi Vijayan

We use cookies to give you the best possible experience. Learn more