|

ട്രെയിന്‍ തീവെപ്പ്: പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി തന്നെ; സ്ഥിരീകരിച്ച് ഉത്തര മേഖല ഐ.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗര്‍ (40) ഉറപ്പിച്ചതായി ഉത്തര മേഖല ഐ.ജി അറിയിച്ചു. ട്രെയിനില്‍ ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലുള്ള നിരാശ കൊണ്ടാണ് തീ വെച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.

24 സൗത്ത് പര്‍ഗാസ് സ്വദേശിയായ 40കാരനാണ് കൃത്യം നടത്തിയതെന്ന് ഐ.ജി പറഞ്ഞു. ‘പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ പിന്നില്‍ നിന്നുള്ള മൂന്നാമത്തെ ബോഗിയില്‍ തീയിട്ടത്. ഒരു സീറ്റിനാണ് തീയിട്ടതെങ്കിലും പിന്നീട് അവിടെ നിന്ന് ബോഗി മുഴുവനായി തീ പടരുകയായിരുന്നു.

കൊല്‍ക്കത്തയില്‍ വെയിറ്ററായിരുന്ന ഇയാള്‍ പിന്നീട് അതിന് ശേഷം കേരളത്തിലെത്തി ഭിക്ഷാടനം നടത്തിവരികയായിരുന്നു. തലശ്ശേരിയില്‍ നിന്ന് കാല്‍നടയായിട്ടാണ് പ്രതി കണ്ണൂരിലേക്ക് വന്നത്. ഇതിനിടയില്‍ ഭിക്ഷ തേടിയെങ്കിലും പണം ലഭിക്കാത്തതിലുള്ള നിരാശയിലാണ് ട്രെയിനിന് തീയിട്ടത്,’ ഐ.ജി പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബംഗാള്‍ സ്വദേശി തന്നെയാണ് ട്രെയിനിന് തീയിട്ടതെന്ന് ഉറപ്പിച്ചതെന്നും  ഐ.ജി പറഞ്ഞു.

കുറേ കാലമായി പുഷന്‍ജിത് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ബി.പി.സി.എല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഓടിച്ചുവിട്ടിരുന്നു.  ഇതിന് പ്രതികാരമെന്ന നിലയിലാണ് ഇയാള്‍ ട്രെയിനിന് തീയിട്ടത്.

അതേസമയം, സംഭവത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ഇന്ന് ഇടപെടുകയും എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlights: Kannur IG reaveals details about the person who set ablaze train