കണ്ണൂര്‍: വിദേശത്തു നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്.
ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു.
ഭക്ഷണത്തിനായി വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വന്ന് നോക്കിയപ്പോഴാണ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്.
സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് അടക്കം ഇദ്ദേഹത്തിന് നല്‍കിയിരുന്നു.
കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി സ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.
നേരത്തെ മുബൈയില്‍നിന്ന് മൃതദേഹവുമായി വിവിധ സംസ്ഥാനങ്ങള്‍ വഴി നാട്ടിലെത്തിയശേഷം ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചിരുന്നു. കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂരിലെ വിഷ്ണുവാണ്(30) മരിച്ചത്.
മുബൈയില്‍ മരിച്ച ഒറ്റശേഖരമംഗലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ അവിടേക്ക് ആംബുലന്‍സുമായി വിഷ്ണു പോയിരുന്നു. നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്.
തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കഠിനമായ വയറുവേദന ഉണ്ടാവുകയും തുടര്‍ന്ന് ഛര്‍ദിക്കുകയും ചെയ്തു.
ഇതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്രവം പരിശോധനക്കായി ശേഖരിച്ചു. വിശദപരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനല്‍കൂ.
WATCH THIS VIDEO: