| Saturday, 30th May 2020, 7:31 am

കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊവിഡ് വ്യാപനത്തില്‍ ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് കളക്ടര്‍ ടി.വി സുഭാഷ്. സമൂഹ വ്യാപന സാധ്യതയുണ്ടായിട്ടും ആളുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങള്‍ക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവായി കാണുന്നു. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്.

മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു.

കണ്ണൂരില്‍ ചികിത്സയിലുള്ള 93 കൊവിഡ് രോഗികളില്‍ 25ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിലവില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണ്.

വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more