കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവെക്കുന്നു. സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റിയാണ് രാജിവെക്കണമെന്ന തീരുമാനത്തിലെത്തിയത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫസല്‍ വധക്കേസിന് പുറമെ കതിരൂര്‍ മനോജ്, ഷുക്കൂര്‍ കൊലപാതക കേസുകളില്‍ കണ്ണൂരിലെ സി.പി.ഐ.എമ്മിന് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ഈ കേസുകളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിയാണ്.
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി രാജേഷ് എം.എല്‍.എയെയും പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മനോജ് വധക്കേസില്‍ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ഷുക്കൂര്‍വധക്കേസില്‍ ജയരാജനെ സംരക്ഷിക്കാന്‍ അധികാരികള്‍ ശ്രമിച്ചുവെന്ന് കോടതി പറയുന്നത്. കേസിലെ 32ഉം 33ഉം പ്രതികളാണ് ജയരാജനും രാജേഷും.
പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജ് വധക്കേസില്‍ സിബി.ഐ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ അഭ്യന്തരമന്ത്രിയാകാന്‍ കുപ്പായം തുന്നിവെച്ച ജയരാജനെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ് ഈ രണ്ട് കേസുകളും. ജയരാജന്‍ ആഭ്യന്തര മന്ത്രിയാകുമെന്ന സൂചന നല്‍കി കണ്ണൂര്‍ അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫഌക്‌സ് ഏറെ വിവാദമായിരുന്നു. വി.എസ് അച്യുതാനന്ദന്റെ തലവെട്ടി മാറ്റി ജയരാജനെ സ്ഥാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ പിണറായി വിജയനെ യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായും അവതരിപ്പിച്ചത് അമ്പാടിമുക്കിലെ സഖാക്കളായിരുന്നു.
ചുരുക്കത്തില്‍ ജില്ലാ സെക്രട്ടറി പോലും കണ്ണൂര്‍ സി.പി.ഐ.എമ്മിന് പാരയാവുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ജില്ലയിലെ വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് ഏറെ പാടുപെടേണ്ടി വരും.