കണ്ണൂര്‍: കണ്ണൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് ഓഫീസിനുനേരെ ആക്രമണം. മട്ടന്നൂര്‍ നടുവനാട് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് അക്രമികള്‍ തകര്‍ത്തത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഓഫീസ് പൂര്‍ണമായും തല്ലിത്തകര്‍ത്തു.
ആര്‍.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് മുമ്പും ആര്‍.എസ്.എസും ബി.ജെ.പിയും അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും സി.പി.ഐ.എം നേതൃത്വം ആരോപിച്ചു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സമാധാന ചര്‍ച്ചകള്‍ അവസാനിച്ച് ഒരാഴ്ച കഴിയുന്നതിനു മുന്നേയാണ് കണ്ണൂരില്‍ വീണ്ടും അക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആര്‍.എസ്.എസ് ആക്രമത്തില്‍ മട്ടന്നൂരില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം ഇന്നലെ വൈകീട്ട് കൂത്തൂപറമ്പ് ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്. വൈകുന്നേരം നാലരയോടെയാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ഒരാഴ്ച മുമ്പ് കണ്ണവത്ത് വച്ച് അയൂബിന് നേരെ വധശ്രമവും ഉണ്ടായിരുന്നു.