| Thursday, 9th April 2020, 10:23 am

കണ്ണൂരിലെ കൊവിഡ് രോഗിയുടെ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 81 കാരന് രോഗം ബാധിച്ചത് പേരക്കുട്ടിയില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്റെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്. ഇവരില്‍ ഒരാള്‍ പതിനൊന്ന് വയസുകാരനാണ്.

പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയില്‍ നിന്നാണ്.

മാര്‍ച്ച് 15ന് ഷാര്‍ജയില്‍ നിന്നെത്തിയ പതിനൊന്നുകാരന്റെ രണ്ട് അമ്മാവന്മാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ പതിനൊന്നുകാരനൊപ്പമെത്തിയ അമ്മക്കും അനിയനും ഇതുവരെ രോഗ ബാധയില്ല. ചെറുവാഞ്ചേരിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പതിനേഴ് പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതേസമയം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് വഴി കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

ഇദ്ദേഹം മാര്‍ച്ച് പത്തിന് ട്രെയിനിലാണ് തിരിച്ചെത്തിയത്. പിന്നീട് കണ്ണൂരില്‍ പലസ്ഥലങ്ങളിലും യാത്ര ചെയ്തു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

അതേസമയം മാര്‍ച്ച് ഏഴിന് രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാളുമായി അടുത്തിടപഴകിയ ബന്ധുക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കൊവിഡില്ലെന്നാണ് പരിശോധന ഫലം. മാഹി ചെറുകല്ലായി സ്വദേശിയായ ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. നേരത്തെ വൃക്കരോഗവും ഹൃദ്രോഗവും ഉള്ളതിനാല്‍ തന്നെ ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ മാഹി, ചൊക്ലി, പന്ന്യന്നൂര്‍ ഭാഗങ്ങളിലായി ഇദ്ദേഹം യാത്ര ചെയ്തതായി അറിഞ്ഞിട്ടുണ്ട്. വൈറസ് എവിടെ നിന്നാണ് ബാധിച്ചതെന്ന് വ്യക്തമാകാത്തതിനാല്‍ തന്നെ ഈ മൂന്ന് പഞ്ചായത്തിലേയും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എം.എം ഹൈസ്‌കൂള്‍ പള്ളിയില്‍ നടന്ന എല്ലാ ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 18 ന് പന്ന്യന്നൂര്‍ നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്.

ഇന്നലെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അറുപത് ആയി. ഇവരില്‍ ഇരുപത്തിയെട്ട് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more