കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന; 7 മൊബൈല്‍ ഫോണുകള്‍ കൂടി പിടികൂടി ; ഒരാഴ്ചക്കിടെ പിടികൂടിയത് 26 ഫോണുകള്‍
keralanews
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന; 7 മൊബൈല്‍ ഫോണുകള്‍ കൂടി പിടികൂടി ; ഒരാഴ്ചക്കിടെ പിടികൂടിയത് 26 ഫോണുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 9:23 pm

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ 7 മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്.

ഒരാഴ്ച്ചക്കിടെ 26 ഫോണുകളാണ് പിടികൂടിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്.പവര്‍ബാങ്കുകള്‍,ഇയര്‍ഫോണുകള്‍,കഞ്ചാവ്, ഹാന്‍സ് ഉള്‍പ്പെടെ നിരവധി വസ്തുക്കളാണ് പിടികൂടിയത്.

ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. 2017ല്‍ വിയ്യൂര്‍ ജയിലില്‍ വെച്ചും 2014ല്‍ കോഴിക്കോട് ജയിലില്‍ വെച്ചും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിരുന്നു. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വിയ്യൂരില്‍ റെയ്ഡ് നടന്നത്.

നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.

റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.

DoolNews Video