കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ ഹര്‍ത്താലിന് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം. ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണവും ബോംബേറും ഉണ്ടായി.
എ.എന്‍.ഷംസീര്‍ എംഎല്‍എ, സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി രാജ്യസഭാ എം.പി. വി.മുരളീധരന്‍, എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഷംസീറിന്റെ തലശ്ശരേി മാടപ്പീടികയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയം ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.പി.ശശിയുടെ തലശ്ശേരി കോടതി പരിസരത്തുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്.തലശ്ശേരിയിലെ വീട്ടില്‍ ശശിയുണ്ടായിരുന്നില്ല. ബി.ജെ. പി എം.പി. വി .മുരളീധരന്റെ വാടിയില്‍പീടികയിലെ തറവാട് വീടിന്റെ മുന്‍പിലേക്കാണ് ബോംബെറിഞ്ഞത്.
നേരത്തെ തലശ്ശേരിയില്‍ സി.പി.ഐ.എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്റെ ചുവടുപിടിച്ചാണ് തലശ്ശേരിയില്‍ വീണ്ടും ആക്രമണ പരമ്പരകള്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം സി.പി.ഐ.എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.
കണ്ണൂര്‍ ഇരിട്ടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായി. പെരുമ്പറമ്പ് സ്വദേശി വിശാഖിന് വെട്ടേറ്റിട്ടുണ്ട്. ഇയാളെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലെ വിവിധയിടങ്ങളിലെ സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഓഫീസുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലായിരുന്ന ഉദ്യോഗസ്ഥരെയടക്കം തിരികെ വിളിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലശേരി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
DoolNews Video