തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രവര്‍ത്തനാനുമതി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സ് ലഭിച്ച വിവരം മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഡി.ജി.സി.എ തലവന്‍ ബി.എസ് ബുള്ളാര്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
സെപ്തംബര്‍ 20 ന് എയര്‍ ഇന്ത്യ നടത്തിയ പരീക്ഷണ പറക്കല്‍ വിജയിച്ചിരുന്നു. നവംബര്‍ മാസം മുതല്‍ ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതിയും നേരത്തെ ലഭിച്ചതാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഈ അനുമതിയും ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
വാണിജ്യാടിസ്ഥാനത്തില്‍ ലൈസന്‍സ് ലഭിച്ചാല്‍പ്പിന്നെ അവശേഷിക്കുന്നത് എയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ലാന്‍ഡിങ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്താരാഷ്ട്ര വ്യോമയാനനിയമപ്രകാരം പ്രസിദ്ധപ്പെടുത്തലാണിത്. ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട സൂക്ഷ്മകാര്യങ്ങളാണിത്.
Also Read: ജയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി ആദ്യം കുറയ്‌ക്കെട്ടെ; അതിന് ശേഷം ഞങ്ങള്‍ കുറച്ചോളാം: തോമസ് ഐസക്
ഇത് പ്രസിദ്ധപ്പെടുത്തിയാല്‍ ഇനി പ്രാബല്യത്തിലാവുക ഡിസംബര്‍ ആറിനുശേഷമാണ്. ലൈസന്‍സ് ലഭിച്ചാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് തടസ്സമില്ലെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടിവരും.
11 അന്താരാഷ്ട്ര കമ്പനികളും 6 ആഭ്യന്തര കമ്പനികളും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടപ്പിച്ചതായി കഴിഞ്ഞ ശനിയാഴ്ച്ച മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.