തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുരുതരമായ ആരോപണങ്ങൾ. ഇതിന് ശേഷം ഇദ്ദേഹം എങ്ങോട്ടാണ് പോയതെന്നത് ആർക്കും വിവരം ഇല്ലായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ കണ്ണൂർ പള്ളിക്കുന്നിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നതേയുള്ളു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കാൻ പി.പി ദിവ്യ ഇന്ന് മാധ്യമങ്ങളെ കാണാൻ ഇരിക്കവെയാണ് അദ്ദേഹത്തിന്റെ മരണം.
നിലവിൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചെങ്ങളായിയിലുള്ള ഒരു വ്യക്തി ഒരു പെട്രോൾ പമ്പിനുള്ള എൻ.ഒ.സിക്ക് വേണ്ടി പല തവണ എ.ഡി.എമ്മിനെ ബന്ധപ്പെട്ടിരുന്നെന്നും താൻ ഉൾപ്പടെയുള്ള ആളുകൾ അതിനായി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും പി.പി. ദിവ്യ പറഞ്ഞു.
ഒരുപാട് നടത്തിച്ചതിന് ശേഷമാണ് ആ വ്യക്തിക്ക് പെട്രോൾ പമ്പിനുള്ള എൻ.ഒ.സി നൽകിയതെന്നും അത് എങ്ങനെയാണ് നൽകിയതെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
updating…
Content Highlight: Kannur A.D.M. Naveen Babu was found dead at home