| Friday, 24th April 2020, 11:20 am

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ സർക്കാർ വക ക്വാറന്റയിൻ ക്യാംപിലാക്കുമെന്ന് യതീഷ് ചന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: കണ്ണൂരിൽ വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്ന മൂവായിരിത്തിലധികം പേർ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ സർക്കാരിന്റെ ക്വാറന്റയിൻ ക്യാംപുകളിൽ പോകേണ്ടി വരുമെന്നും കണ്ണൂർ ഡി.സി.പി യതീഷ് ചന്ദ്ര.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂർ ജില്ലയിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റു ചെയ്യുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ആശുപത്രി, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ആളുകൾ പുറത്തിറങ്ങരുതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയിൽ എർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൽ ലോക്ക് ഡൗൺ മെയ് 3 വരെ തുടരും. ജില്ലയിലെ 24 ഹോട്ട് സ്പോട്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയ രീതിയിലുള്ള ഇളവുകൾ നൽകാൻ പോലുമുള്ള സാഹചര്യം നിലവിൽ ജില്ലയിൽ ഇല്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച്ച പത്തുപേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 447 പേർക്കാണ് ഇതുവരെ രോ​ഗം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ 129 പേർ ചികിത്സയിലുണ്ട്. അതേസമയം കോഴിക്കോട് കൊവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് ശനിയാഴ്ച്ച മരിച്ചു. ജന്മനാ ഹൃദ്രോ​ഗവും വളർച്ചാ വെെകല്യങ്ങളുമുള്ള കുഞ്ഞാണ് മരിച്ചത്.

We use cookies to give you the best possible experience. Learn more