ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം
India
ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2017, 8:03 am

 

ന്യൂദല്‍ഹി: ഐ.എസ് ഭീകരരില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷിക്കാനായത് മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

“അമേരിക്കയ്‌ക്കോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിനോ പോലും അതിനു സാധിച്ചില്ല. പക്ഷേ നമ്മള്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. എല്ലാ പൗരന്മാരെയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും” കണ്ണന്താനം പറഞ്ഞു. ജാതിയും മതവും പരിഗണിക്കാതെ എല്ലാ ഇന്ത്യക്കാരേയും സംരക്ഷിക്കാനാണ് ഈ സര്‍ക്കാരിന്റെ തീരുമാനമെന്നും കണ്ണന്താനം പറഞ്ഞു.

യമനില്‍ ഇന്ത്യക്ക് എംബസി ഇല്ലായിരുന്നു. ഫാദറിനെ രക്ഷപ്പെടുത്തല്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. വലിയ നയതന്ത്ര വിന്യാസത്തോടെയും അയല്‍ രാജ്യങ്ങളുമായുള്ള നീണ്ട ആശയസംവാദത്തിലൂടെയുമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്.
ലിബിയയില്‍ നിന്ന് 2015ല്‍ ഫാദര്‍ പ്രേം കുമാറിനേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ജുദിത്ത് ജുദിത്ത് ഡി സൂസയേയും ലിബിയയില്‍ നിന്ന് നഴ്‌സുമാരെയും മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നും കണ്ണന്താനം പറഞ്ഞു. മേഘാലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു കണ്ണന്താനം.