| Sunday, 15th October 2017, 4:18 pm

തനിക്ക് വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമെന്ന് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തിന് വട്ടാണെന്ന് പലരും പറഞ്ഞേക്കും. എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കും. കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തുടങ്ങും. എല്ലാവരും അത്തരക്കാരാണെന്ന് പറയുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.

എല്ലാവരും പങ്ക് വെച്ച് ജീവിക്കുകയെന്ന മോദിയുടെ ആശയം എല്ലാവരും ഏറ്റെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളിയുടെ ചിന്തയെന്നും കണ്ണന്താനം പറഞ്ഞു.


Read more:   രാജസ്ഥാനില്‍ പൊലീസ് മുസ്‌ലിം കുടുംബത്തിന്റെ പശുക്കളെ പിടിച്ചെടുത്ത് ഗോശാലയ്ക്ക് നല്‍കി


നമ്മള്‍ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണു നടത്തിക്കൊണ്ടിരുന്നത്. അതിനു തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാവും. സാമ്പത്തികമാന്ദ്യം ഉണ്ടാവാം. ഏതൊരു വിപ്ലവകരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകള്‍ സ്വാഭാവികമാണെന്നും കണ്ണന്താനം പറഞ്ഞു.

കാശുള്ളവര്‍ പാവപ്പെട്ടവരെക്കൂടി പരിഗണിക്കണം. 67 ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ലെന്ന് പറയുന്നത് എന്തു നാണക്കേടാണ്. മോദി അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനം ആളുകള്‍ക്ക് കക്കൂസ് ഇല്ലായിരുന്നു. നാലേമുക്കാല്‍ കോടി കക്കൂസുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69 ശതമാനം പേര്‍ക്കും കക്കൂസ് ഉണ്ടെന്നും കണ്ണന്താനം പറയുന്നു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി ജയിച്ചുവരികയാണെന്നും ഒരിടത്ത് യു.ഡി.എഫും വിജയിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു.

We use cookies to give you the best possible experience. Learn more