കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്നു എന്ന കാപ്ഷനോടെ ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്നെ ട്രോളുന്ന സമയം കൊണ്ട് ഒരു ചൂലുമെടുത്ത് ഏതെങ്കിലും വീട്ടില്‍ ചെന്ന് ആരെയെങ്കിലുമൊന്ന് സഹായിച്ചുകൂടേയെന്നാണ് കണ്ണന്താനം ചോദിക്കുന്നത്.
“ഈ ട്രോള് ചെയ്യുന്ന ആരെങ്കിലും എവിടെങ്കിലും പോയിക്കിടന്നുറങ്ങിയിട്ടുണ്ടോ. ഉണ്ടോ? ഞാന്‍ ചോദിക്കുവാ. ഈ ട്രോള് ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ഏതെങ്കിലുമൊരു വീട്ടില്‍ പോയി ഒന്ന് ആരെയെങ്കിലുമൊന്ന് സഹായിക്കാനായി, ഈ ട്രോള് ചെയ്യുന്ന മഹാന്മാര് ഒരുങ്ങുമോ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തന്റെ ഫേസ്ബുക്കും ട്വിറ്ററുമൊന്നും കൈകാര്യം ചെയ്യുന്നത് താനല്ല. മറ്റാരോ തന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടതാണെന്നും കണ്ണന്താം വിശദീകരിച്ചു.
“ഞാന്‍ പിന്നെ പോയി കിടന്നുറങ്ങിയപ്പോള്‍ എന്റെ കൂടെയുള്ള പി.എയോ ആരോ ഒരാളെടുത്ത, എന്റെ ട്വിറ്റര്‍ ഹാന്റില്‍ ചെയ്യുന്നത് ഞാനല്ല, ഫേസ്ബുക്ക് ഹാന്റില്‍ ചെയ്യുന്നത്. ഞാനിതുവരെ നോക്കിയിട്ടില്ല. മന്ത്രിയായപ്പോള്‍ ഞാനിതുവരെ അത് തൊട്ടിട്ടില്ല. എനിക്കറിഞ്ഞുകൂട. അവരെന്തെങ്കിലും പോസ്റ്റ് ചെയ്യും, ഉത്തരവാദിത്തത്തോടെ അവര് പോസ്റ്റു ചെയ്യുമെന്ന് നമ്മള്‍ ഓര്‍ക്കുന്നു.
“നമ്മള് കിടന്നുറങ്ങിയപ്പോള്‍ അവര്‍ക്കു വലിയ… ഏതാണ്ട് വലിയ കാര്യമാണെന്ന് വിചാരിച്ച് അവര് ഫേസ്ബുക്കിലിട്ടു. മണ്ടത്തരം കാണിച്ചു, അതിനിപ്പം എനിക്കയാളെ തല്ലിക്കൊല്ലാന്‍ പറ്റ്വോ. ഇല്ലല്ലോ
ആ ഫോണൊക്കെ ഒന്ന് താഴ്ത്തിവെച്ചിട്ട് കേരളത്തിലെ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ആ സമയത്ത് ഒരു ചൂലും കൊണ്ടൊന്നിറങ്ങി, ഒരു വിധവയെയെങ്കിലും ഒന്ന് സഹായിക്കാനായിട്ട് ഈ ട്രോളു ചെയ്യുന്നയാള്‍ക്കാരൊന്ന് ഇറങ്ങിയാല്‍ അവരുടെ ആത്മാവിന് നല്ലതായിരിക്കും.
ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങുവെന്ന കുറിപ്പോടെയാണ് കണ്ണന്താനം കിടക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടത്. ഈ ചിത്രത്തെ കളിയാക്കി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ ട്രോളുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ വിമര്‍ശനം.