സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല; അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട് ;വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമെന്നും കണ്ണന്താനം
Kerala News
സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല; അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട് ;വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമെന്നും കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 10:28 am

തിരുവനന്തപുരം: പത്മഭൂഷണ്‍ വിവാദത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമാണെന്നും നമ്പി നാരായണന്റെ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ഇത് മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. അതിനെ അങ്ങനെ തന്നെ കാണണം. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന സര്‍വേ ഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ജനങ്ങള്‍ എന്‍.ഡി.എയെ തെരഞ്ഞെടുക്കുമെന്നും കണ്ണന്താനം പറഞ്ഞു.

നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.


സി.പി.ഐ.എം ജില്ലാ ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ; കടുത്ത നടപടിയുണ്ടാവില്ലെന്ന് സൂചന


നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു.

നമ്പി നാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നമ്പിനാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.

സെന്‍കുമാറിന്റെ പരാമര്‍ശം ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്നും മറിയം റഷീദയോടും ഗോവിന്ദച്ചാമി ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സെന്‍കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്പി നാരായണനെ പത്മഭൂഷണ്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറാണ്. ഇക്കാരണം കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

നമ്പി നാരായണനെ ശുപാര്‍ശ ചെയ്തത് രാജീവ് ചന്ദ്രശേഖര്‍ ആണെന്നുള്ളതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്‌കാരത്തിന് നമ്പി നാരായണന്‍ അര്‍ഹനല്ലെന്നും നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സെന്‍കുമാര്‍ സുപ്രീം കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ മറുപടി നല്‍കിയിരുന്നു.

ചാരക്കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്. തന്റെ സംഭാവനകള്‍ എന്തൊക്കെയാണെന്ന് ടി.പി സെന്‍കുമാറിനെ ബോധ്യപ്പെടുത്തേണ്ടതില്ല. ഐ.എസ്.ആര്‍.ഒയുടെ മേധാവികള്‍ തന്നെ അതില്‍ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞിരുന്നു.