| Thursday, 14th September 2017, 9:37 pm

കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതാവുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് വിഷയത്തില്‍ ഒറീസയില്‍ പറഞ്ഞത് തമാശയായി എടുക്കുക്കാത്തതാണ് വിവാദത്തിന് കാരണമെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്തു നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണു ചോദിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ മൊബൈലില്‍ കയറിയിരുന്ന് ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണ്. അതെല്ലാം താന്‍ ആസ്വദിക്കുന്നുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.


Also Read: ‘കട മുടക്കുമോ കളിയുടെ പൂരക്കാഴ്ച’; കലൂര്‍ സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്ന് ഫിഫ


“എന്റെ ഭാര്യയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ. രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണ്. എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. സന്തോഷമേയുള്ളൂ.”

താനൊരു ഫണ്‍ പേഴ്‌സണാണെന്നും രാഷ്ട്രീയക്കാര്‍ക്ക് തമാശ ആസ്വദിക്കാന്‍ കഴിയില്ലെന്ന് കരുതരുതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ലെന്ന് കണ്ണന്താനം പറഞ്ഞു.

We use cookies to give you the best possible experience. Learn more