| Friday, 24th January 2020, 8:18 pm

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സി.എ.എ പ്രതിഷേധ പരിപാടി തടയാന്‍ ശ്രമിച്ച് ബി.ജെ.പി ; കണ്ണന്‍ഗോപിനാഥിനെ തടഞ്ഞു, വക വെക്കാതെ വന്‍ വരവേല്‍പ്പ് നല്‍കി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. മുന്‍.ഐ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍, ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷ റന്ന, ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ റനിയ സുലൈഖ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയാണ് ക്യാംപസിനു പുറത്തു നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ഒപ്പം കോളേജ് അധികൃതരും പരിപാടിയെ സംശയദൃഷ്ടിയോടെയാണ് നോക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രതിഷേധ പരിപാടിക്കായി എത്തിയ കണ്ണന്‍ ഗോപിനാഥിനെയും ഐഷ റെന്നയെയും റനിയ സുലൈഖയെയും ക്യാമ്പസിലേക്ക് കയറ്റാന്‍ സെക്യൂരിറ്റി അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് ഇവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത്. വന്‍ വിദ്യാര്‍ത്ഥി പിന്തുണയോടെ പരിപാടി പുനരാരംഭിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘അര്‍ബന്‍ നെകസല്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിക്കുന്നുണ്ട്‌. സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും ബി.ജെ.പി പ്രവര്‍ത്തകരെ മാറ്റുകയും ചെയ്തു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഭീം സെന്റര്‍ പരിസരത്താണ് ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റ് സേപ്‌സ് ലെസ് കലക്ടീവ് എന്നിവയുടെ നേതൃത്വത്തില്‍ സി.എ.എ യ്‌ക്കെതിരെ പ്രതിഷേധ പരിപാടി നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തെക്കുറിച്ച് പ്രതിഷേധ പരിപാടിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോറം പ്രതിനിധിയായ വിദ്യാര്‍ത്ഥി പറയുന്നതിങ്ങനെ,

“വളരെ പെട്ടന്നാണ് കണ്ണന്‍ ഗോപിനാഥിനെ പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടി തീരുമാനിക്കുന്നത്. ഇതിനു ശേഷം കഴിഞ്ഞ ദിവസം പരിപാടിയുടെ പോസ്റ്റര്‍ പതിച്ച അന്നു മുതല്‍ ഇവിടെ സെക്യൂരിറ്റിയുടെ ഭാഗത്തു നിന്നും അധികൃതരുടെ ഭാഗത്തു നിന്നും ഭീകരമായ നിരീക്ഷണമാണ് നേരിട്ട് കൊണ്ടിരുന്നത്. പൊലീസ് അനധികൃതമായി ക്യാമ്പസില്‍ കയറുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ പരിപാടി നടക്കാതിരിക്കുമോഎന്ന ആശങ്ക ഉണ്ടായിരുന്നു. ഇവരെ പ്രവേശനകവാടത്തില്‍ വെച്ച് തടഞ്ഞു വെക്കുകയാണ് സെക്യൂരിറ്റിക്കാര്‍ ചെയ്തത്. പക്ഷെ പരിപാടില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെല്ലാം കൂടെ മാര്‍ച്ച് ചെയത് ഗേറ്റിനടത്തെത്തുകയും മൂന്ന് പേരെയും പരിപാടി നടത്തുന്നിടത്തേക്കെത്തിച്ച് പരിപാടി തുടങ്ങുകയായിരുന്നു്,” കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോറം പ്രതിനിധി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. 2019 ഡിസംബറില്‍ സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുധധാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
ഇലക്ട്രോണിക്സ് മീഡിയയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക, പി.എച്ച്.ഡി ജേതാക്കളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

ഒപ്പം സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സിലും ബിരുധദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങ് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കുള്ള ഐക്യധാര്‍ഡ്യമായാണ് ബിരുദ ദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നായിരുന്നു കൗണ്‍സില്‍ സെക്രട്ടറി വി.കുരലന്‍ബനും പ്രസിഡന്റ് പരിച്ചെ യാദവും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

ഇതിനിടെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ബിരുധധാന  ചടങ്ങില്‍ നിന്ന് പുറത്താക്കിയതായി ആരോപണവും വന്നിരുന്നു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹയെ ആണ് പരിപാടിയില്‍ നിന്ന് പുറത്താക്കിയത്.

റബീഹയോട് പരിപാടി നടക്കുന്ന ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ പറയുകയായിരുന്നു.

189 പേരില്‍ പത്ത് പേരെ തിരഞ്ഞെടുക്കുകയും ഇവര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിഷേധ സൂചകമായി തനിക്ക് ലഭിച്ച സ്വര്‍ണമെഡല്‍ റാബീഹ പരസ്യമായി നിരസിച്ചു.

പോണ്ടിച്ചേരി സര്‍വകലാശാലയിലെ പൗരത്വ നിയമ പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥന്‍ കേരന്ദ സര്‍ക്കാരിന്‍രെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

Latest Stories

We use cookies to give you the best possible experience. Learn more