Entertainment news
ഹിന്ദി റീമേക്കിന് മുമ്പേ 'ഉടുമ്പ്' തിയേറ്ററിലേക്ക്; കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം റിലീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 25, 12:10 pm
Saturday, 25th September 2021, 5:40 pm

ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഉടുമ്പ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

തിയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 200ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍.എം ബാദുഷ, എല്‍ദോ ടി.ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ഉടുമ്പ്.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എന്‍. എം ബാദുഷയാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. സാനന്ദ് ജോര്‍ജ് ഗ്രേസിന്റേതാണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kannan Thamarakkulam new movie Udumb ready for release