ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ അഭിപ്രായം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഐ.എ.എസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥന് ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ചെടുത്തോളം രാജി സ്വീകരിച്ചാല്‍ മാത്രമേ ഫലത്തില്‍ വരികയുള്ളൂവെന്നും രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദാമന്‍ ദിയു പെഴ്‌സണല്‍ വകുപ്പാണ് നോട്ടീസയച്ചിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.
കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.
‘കശ്മീരില്‍ മനുഷ്യരുടെ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തിട്ട് 20 ദിവസമായി. രാജ്യത്ത് കഴിയുന്ന പലര്‍ക്കും അതിലൊരു കുഴപ്പവുമില്ല. 2019ല്‍ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഓ അതിന്റെ റദ്ദാക്കലോ അല്ല വിഷയം. പക്ഷെ അതിനോട് പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതാണ് പ്രധാന പ്രശ്നം. കശ്മീരികള്‍ക്ക് നീക്കത്തെ സ്വാഗതം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്യാം അതവരുടെ അവകാശമാണ്’
‘ഒരു മുന്‍ ഐ.എ.എസ് ഓഫീസറെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചപ്പോള്‍ പോലും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല’ ഷാ ഫൈസലിന്റെ അറസ്റ്റിനെ സൂചിപ്പിച്ച് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.