ന്യൂദല്‍ഹി: രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയതയ്‌ക്കെതിരെയും പ്രതികരണമില്ലായ്മക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാമന്റെ ഭരണകാലത്തുപോലും ആളുകള്‍ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.
അന്ന് ചോദ്യം ചോദിച്ച ആളുകളെ ജയിലേക്ക് അയക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ ചെയ്യില്ലായിരുന്നു. അതേകാര്യം ഇപ്പോള്‍ ചെയ്താല്‍ നിങ്ങള്‍ ജയിലിലായിരിക്കും, കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇപ്പോള്‍ അഭിമാനവും സന്തോഷവും തേടുന്നത് സ്വന്തം ക്ഷേമത്തില്‍ നിന്നോ മതത്തില്‍ നിന്നോ രാജ്യത്തില്‍ നിന്നോ അല്ല, മറിച്ച് അവര്‍ക്ക് മുസ്‌ലിങ്ങളില്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന വേദനയില്‍ നിന്നാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
ഒരു ഹിന്ദു ആകുക എന്നത് മുസ്‌ലിങ്ങളെ വെറുക്കുക എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയിക്കൊണ്ടിരിക്കുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു. അന്യവത്കരണം പരിസമാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറച്ച് ആളുകളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല ഒരു സമൂഹം വിലയിരുത്തപ്പെടുന്നത്. മറിച്ച് കുറേയാളുകളെ നിശബ്ദതയാണ് സമൂഹത്തെ നിര്‍വചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും തടവിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും കണ്ണന്‍ ഗോപിനാഥന്‍ രംഗത്തു വന്നിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുവരെ ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമായിരിക്കുകയാണ്. ഒരു ജഡ്ജിനെ വിമര്‍ശിച്ചാല്‍ വരെ കോടതി അലക്ഷ്യമാകുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. നമ്മള്‍ പോരാടാത്തിടത്തോളം ഇതൊന്നും മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.