| Sunday, 25th August 2019, 11:10 pm

കശ്മീരില്‍ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തിട്ട് 20 ദിവസമായി; ഇന്ത്യയില്‍ ആര്‍ക്കും അതിലൊരു കുഴപ്പവുമില്ല: രാജിയുടെ കാരണങ്ങളിലൊന്ന് കശ്മീരികളുടെ മൗലികാവകാശം നിഷേധിച്ചതെന്ന് കണ്ണന്‍ ഗോപിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എ.എസ് പദവി രാജിവെക്കാനുള്ള കാരണങ്ങളിലൊന്ന് കശ്മീരികള്‍ക്കെതിരായ മൗലികാവകാശ ലംഘനമാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ എന്‍.ഡി.ടി.വിയോട്.

‘കശ്മീരില്‍ മനുഷ്യരുടെ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തിട്ട് 20 ദിവസമായി. രാജ്യത്ത് കഴിയുന്ന പലര്‍ക്കും അതിലൊരു കുഴപ്പവുമില്ല. 2019ല്‍ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഓ അതിന്റെ റദ്ദാക്കലോ അല്ല വിഷയം. പക്ഷെ അതിനോട് പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതാണ് പ്രധാന പ്രശ്‌നം. കശ്മീരികള്‍ക്ക് നീക്കത്തെ സ്വാഗതം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്യാം അതവരുടെ അവകാശമാണ്’

‘ഒരു മുന്‍ ഐ.എ.എസ് ഓഫീസറെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചപ്പോള്‍ പോലും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല’ ഷാ ഫൈസലിന്റെ അറസ്റ്റിനെ സൂചിപ്പിച്ച് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സ് അവര്‍ഡിന് അപേക്ഷിക്കാത്തതിനെ കുറിച്ചും 2018ല്‍ പ്രളയമുണ്ടായപ്പോള്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചോദ്യമുണ്ടായെന്ന് ഗോപിനാഥന്‍ പറഞ്ഞു.തനിക്ക് ലഭിച്ച മെമ്മോകള്‍ ബാലിശവും നിസ്സാരവുമായിരുന്നെന്നും ശല്യപ്പെടുത്തുന്നതായിരുന്നുവെന്നും കണ്ണന്‍ ഗോപിനാഥന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നതുമായി മലയാളി ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ആഗസ്റ്റ് 21നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more