ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നുള്ളവര്‍ തന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.
അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് അദ്ദേഹം.
സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സമയം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രിയപ്പെട്ട സര്‍,
സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അങ്ങയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദല്‍ഹിയിലില്ല. ദയവുചെയ്ത് താങ്കള്‍ക്ക് സൗകര്യപ്രദമാകുന്ന ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ”- എന്നാണ് കത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മൂന്ന് തവണ കണ്ണന്‍ ഗോപിനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ‘
ഇന്നലെ ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവേയായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് താനുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്യണമെങ്കില്‍ തന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കാവുന്നതാണെന്നും മൂന്നു ദിവസത്തിനകം സമയം അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞത്.
ദല്‍ഹി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റായരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പു ഫലവും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്നും ഷാ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ