| Monday, 22nd March 2021, 3:18 pm

ഇതു കൊണ്ടൊന്നും ഇവിഎമ്മിനെ രക്ഷിക്കാനാകില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യത്തിനെതിരെ കണ്ണന്‍ ഗോപിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.

ഇ.വി.എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാതെ ഇ.വി.എമ്മിന്റെയും വിവിപാറ്റിന്റെയും മാര്‍ക്കറ്റിംഗിന് വേണ്ടി വന്‍ തുക ചെലവിടുന്നത് ദയനീയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

നിങ്ങള്‍ ഉത്തരം പറയാതെ ഒഴിച്ചുവിട്ട വിടവ് നികത്താന്‍ പരസ്യം കൊണ്ട് സാധിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഇ.വി.എം സ്റ്റാന്‍ഡ് എലോണാണോ അല്ലയോ എന്നതില്‍ കമ്മീഷന്‍ മറുപടി നല്‍കണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ഇ.വി.എമ്മിന്റെയും വിവിപാറ്റിന്റെയും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി നേരത്തെയും കണ്ണന്‍ ഗോപിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പലവാദങ്ങളിലും പിശകുണ്ടെന്ന് മനസിലായപ്പോഴാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ അപാകതകള്‍ തുറന്നു പറഞ്ഞതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു. മെഷീനിന്റെ സാങ്കേതികപരമായ പരിമിതകളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ സംസാരിച്ചത്.

ന്യൂദല്‍ഹിയില്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ ട്രെയിനിങ്ങിന് പോയ സമയത്ത് ഇ.വി.എമ്മുമായി ബന്ധപ്പെട്ട ആശങ്ക പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സംശയം ഉണ്ടാക്കലല്ല ആളുകളെ ബോധ്യപ്പെടുത്തലാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞുവെന്ന് കണ്ണന്‍ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

താന്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനില്‍ ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയാണെന്നും പിന്നീടാണ് കാര്യങ്ങള്‍ മാറിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്

ഇ.വി.എം ഒരിക്കലും ഹാക്ക് ചെയ്യപ്പെടാന്‍ സാധിക്കില്ല എന്ന് നമ്മള്‍ വിശ്വസിക്കാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉള്ളത്.

1. അതിന്റെ സാങ്കേതികമായ സുരക്ഷ ( ലേരവിീഹീഴശരമഹ ലെരൗൃശ്യേ)
2. പ്രോസസ് സെക്യൂരിറ്റി
3. ഫിസിക്കല്‍ സെക്യൂരിറ്റി

കണ്‍ട്രോള്‍ യുണിറ്റ് ഒറ്റ തവണ പ്രോഗ്രാം ചെയ്യപ്പെടുന്നതാണ് എന്നതാണ് ഇ.വി.എമ്മിന്റെ സാങ്കേതിക സുരക്ഷ. അതായത് ഇത് പിന്നീട് റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ല. ഇത് മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കാനും സാധിക്കില്ല.

അതായത് ഒരു കാല്‍ക്കുലേറ്ററില്‍ ഉപയോഗിക്കുന്നത് പോലുള്ള റുഡിമെന്ററി ടെക്നോളജിയാണ് ഇ.വിഎമ്മിലും ഉപയോഗിക്കുന്നത്. നമുക്ക് ഒരിക്കലും ഒരു കാല്‍ക്കുലേറ്റര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലല്ലോ.

ഇതാണ് ഇ.വി.എമ്മിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് പ്രധാനമായും കമ്മീഷന്‍ പറഞ്ഞിരുന്നത്.

പ്രോസസ് സെക്യൂരിറ്റിയുടെ കാര്യത്തില്‍ അവര്‍ പറഞ്ഞിരുന്നത്, ഇ.വി.എമ്മിന് ചിഹ്നവും, പേരും ഇലക്ട്രോണിക്കലി തിരിച്ചറിയാന്‍ സാധിക്കില്ല എന്നാണ്. കൗണ്ടിങ്ങ് സ്റ്റേറ്റിജിന്റെ ഘട്ടത്തിലും ഒന്നാമത്ത സ്ഥാനാര്‍ത്ഥിക്ക് ഇത്ര വോട്ട്, രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് ഇത്രവോട്ട് എന്ന തരത്തിലാണ് പറയുക. ഇ.വി.എമ്മിന് ആരാണ് ഒന്നാമത്തെ സ്ഥാനാര്‍ത്ഥിയെന്നോ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെന്നോ അറിയില്ല. ബി.ജെ.പിയാണോ, കോണ്‍ഗ്രസാണോ എന്നൊന്നും ഇ.വി.എമ്മിന് അറിയില്ല. ഇതാണ് കമ്മിഷന്റെ മറ്റൊരു വാദം. അതായത് ഇ.വി.എമ്മിനെ ഒരിക്കലും പ്രീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ല.

പിന്നീട് വരുന്നത് റാന്‍ഡമൈസേഷനുമായി ബന്ധപ്പെട്ടാണ്. അതായത് ഒരു ഇ.വി.എം ഏത് മണ്ഡലത്തിലാണ് പോകുന്നത് എന്ന് ആര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ഓരോ മണ്ഡലത്തിലെയും ഓരോ ബൂത്തുകളിലും ഏത് ഇ.വി.എം ആണ് പോകുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. മാത്രവുമല്ല ഇവിടെ ഫിസിക്കല്‍ ചെക്കുമുണ്ട്. ബൂത്ത് ഏജന്റുമാര്‍ക്ക് കാര്യങ്ങള്‍ പരിശോധിക്കാനും സാധിക്കും. ഇത് മോക്ക് പോളികളിലൂടെ ഉറപ്പുവരുത്താനും സാധിക്കും. ഇത്തരത്തില്‍ മൂന്ന് മോക്ക് പോളുകളെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷന്‍ നടത്തുന്നുണ്ട്.

വളരെ സുരക്ഷയോട് കൂടിയാണ് ഇ.വി.എം സൂക്ഷിക്കുന്നത് എന്നാണ് ഫിസിക്കല്‍ സെക്യുരിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ കാര്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ് ഇ.വി.എം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നത്. ഇതില്‍ ഞാനും വിശ്വിസിച്ചിരുന്നു.

എന്നാല്‍ ചില സംശയങ്ങള്‍ വന്നപ്പോള്‍ 2017ല്‍ തന്നെ ഞാന്‍ ചില വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതിനിടെ 2019ല്‍ റിട്ടേണിങ്ങ് ഓഫീസറുടെ യോഗത്തില്‍ വിവിപാറ്റിന് സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അറിയാമെന്ന് തെരഞ്ഞടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത് എങ്ങിനെയാണ് എന്നതില്‍ എനിക്ക് സംശയമുണ്ടായി. കമ്മീഷന്റെ തന്നെ മുമ്പത്ത വാദത്തെ തള്ളുന്നതാണ് ഇത്. ഇക്കാര്യം ചോദിച്ചപ്പോള്‍ എന്‍ജിനിയേഴ്സ് ഇത് അപ്ലോഡ് ചെയ്യുമെന്ന് പറയുകയായിരുന്നു.

അങ്ങിനെ അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതൊരിക്കലും സ്റ്റാന്‍ഡ് എലോണ്‍ ഡിവൈസ് ആകുകയില്ലല്ലോ? അപ്പോള്‍ സ്റ്റാന്‍ഡ് എലോണ്‍ ഡിവൈസ് ആണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റല്ലേ?

ഇവിടെയാണ് എന്റെ സംശയം കൂടുതല്‍ ബലപ്പെട്ടത്. സ്റ്റാന്‍ഡ് എലോണ്‍ ഡിവൈസ് എന്നാല്‍ മറ്റൊരു ഉപകരണവുമായി ബന്ധപ്പെടുത്താന്‍ സാധിക്കാത്തത് എന്നാണ് അര്‍ത്ഥം.

ഇവിടെയാണ് എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് ചെയ്യാന്‍ കഴിയുമോ എന്ന സംശയം എന്നില്‍ ബലപ്പട്ടത്. വിവിപാറ്റിനുമുന്‍പ് മൊബൈല്‍ ഫോണ്‍പോലും ബൂത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ലാപ്ടോപ്പും, സിംബല്‍ ലോഡിങ്ങ് യൂണിറ്റും ബൂത്തിനുള്ളില്‍ കൊണ്ടുവരാം.

ഈ വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം പുറത്തുനിന്നുള്ള ഒരു ഡിവൈസ് ഉപയോഗിച്ച് കണക്ഷന്‍ നടക്കുന്നുണ്ടല്ലോ? പിന്നെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സ്റ്റാന്‍ഡ് എലൊണ്‍ ഡിവൈസ് ആണെന്ന് പറയുന്നത്? ഇതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്.

പിന്നെയുള്ളത് രണ്ട് മോക്ക് ടെസ്റ്റുകളാണ്. ഇതില്‍ സംശയം വരാന്‍ കാരണം ഇ.വി.എമ്മിന് ഡേറ്റ്, ടൈം, സെഷനെക്കുറിച്ച് അറിയാം എന്നതുകൊണ്ടാണ്.

അങ്ങനെയെങ്കില്‍ ഒരു ഹാക്കറിന് ഇത് മറികടക്കാന്‍ കഴിയുന്നതേയുള്ളൂ. ആദ്യത്തെ അമ്പത് വോട്ടുകള്‍ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. ഇത് ഇ.വി.എമ്മിന് അറിയാന്‍ സാധിക്കുമെങ്കില്‍ അതില്‍ അപാകതയില്ലേ എന്ന് എനിക്ക് തോന്നി.

വോട്ട് യഥാര്‍ത്ഥത്തില്‍ ബാലറ്റ് യുണിറ്റില്‍ നിന്ന് വിവിപാറ്റിലേക്കും അവിടെ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലേക്കുമാണ് പോകുന്നത്. ഈ വിവിപാറ്റ് നേരത്തെ ഒരു എക്സ്റ്റേണല്‍ യൂണിറ്റുമായി കണ്ക്ട് ചെയ്തതാണ്. ഇത് എന്റെ സംശയം കൂടുതല്‍ ബലപ്പെടുത്തി.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് കഴിയുന്നില്ല. ഇ.വി.എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യം ചോദിക്കുമ്പോള്‍ വന്ന് തെളിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

നോക്കൂ അതിനുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല. ഇവിടെയുള്ള ന്യൂനതകള്‍ ഞാന്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്.

എനിക്ക് ഒരു വാതില്‍ തുറന്നുകിടക്കുന്നുണ്ട് അതിലൂടെ മോഷണം നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനേ സാധിക്കുകയുള്ളൂ. മോഷ്ടിച്ച് കാണിച്ചു കൊടുക്കാന്‍ എനിക്ക് കഴിയില്ലല്ലോ, കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kannan Gopinathan Criticizes Election Commission

We use cookies to give you the best possible experience. Learn more