'ഇത് വെറും തുടക്കം മാത്രം മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'; പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമിരമ്പി; കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്യാന്‍ മറൈന്‍ ഡ്രൈവിലേക്കെത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്.
വിട്ടയച്ച കണ്ണന്‍ ഗോപിനാഥനെ തീപ്പന്തവുമേന്തിവന്ന വിദ്യാര്‍ത്ഥികള്‍ തോളിലേറ്റിയാണ് കൊണ്ടുപോയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിട്ടയച്ചയുടനെ അമിത്ഷായ്ക്ക് ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.
‘ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യത്തെ നന്നായി മനസിലാക്കിക്കോളൂ, നിങ്ങളുടെ മാനസിക നിലയെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്‌ക്കൊളും മുകളിലാണത്’- കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
മറൈന്‍ ഡ്രൈവില്‍ നടക്കാനിരുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.
കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. സര്‍വകലാശാലകളിലും പ്രതിഷേധമിരമ്പുകയാണ്.