'ഞാനല്ല, എന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് അത് ചെയ്തത്'; ഫോട്ടോ വിവാദത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
Kerala News
'ഞാനല്ല, എന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് അത് ചെയ്തത്'; ഫോട്ടോ വിവാദത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2018, 10:41 am

കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് കേന്ദ്രമന്ത്രി ഇന്ന് രാത്രി കഴിച്ചുകൂട്ടുക എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫോട്ടോ ഷെയര്‍ ചെയ്തത്.

എന്നാല്‍ പോസ്റ്റിന് താഴെ പരിഹാസ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമ്‌നാബുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുണ്ടായിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കണ്ണന്താനം സംഭവത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്.


ALSO READ: ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം; സോഷ്യൽ മീഡിയയിൽ ട്രോൾ


“കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്.

ആ അവസരത്തില്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് ഞാന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്”- എന്നാണ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം കണ്ണന്താനത്തിന്റെ ക്യാമ്പിലെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. നിരവധി ട്രോളുകളാണ് മന്ത്രിക്ക് നേരേ എത്തിയത്. കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഷ് ടാഗുമായാണ് ആഘോഷമാക്കിയത്.

കണ്ണന്താനം സ്ലീപ് ചലഞ്ച് എന്ന ഹാഷ് ടാഗോടെ നിരവധി പേരാണ് തങ്ങള്‍ “ഉറങ്ങുന്ന” ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മനുഷ്യന് ഉറങ്ങാനും പാടില്ലേ! ഉറങ്ങുമ്പോ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുന്നത് ആരാടാ, എന്നിങ്ങനെ പരിഹാസവുമായാണ് പോസ്റ്റുകള്‍ വന്നത്.


ALSO READ; കണ്ണന്താനത്തിനൊപ്പം ഉറങ്ങി മലയാളികളും;സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി #KannanthanamSleepChallenge


ഉറങ്ങി കിടക്കുന്ന ചിത്രം എടുത്ത് ഫേസ്ബുക്കിലിട്ടാണ് സോഷ്യല്‍ മീഡിയ കണ്ണന്താനത്തിന്റെ ഉറക്കം ആഘോഷമാക്കിയത്.

നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയും ആണെന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നും കണ്ണന്താനം പറഞ്ഞിരുന്നു.