| Friday, 29th October 2021, 3:55 pm

ആരാധകര്‍ അക്രമാസക്തരായേക്കും; പുനീതിന്റെ മരണത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത. ആരാധകര്‍ അക്രമാസക്തരായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പുനീതിനെ പ്രവേശിപ്പിച്ച ആശുപത്രിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു പുനീതിന്റെ അന്ത്യം.

അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേരാണ് പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.

കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് പുനീത് അഭിനയരംഗത്തേക്കെത്തിയത്.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ പുനീത്, 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്.

യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kannada Super Star Actor Puneeth Rajkumar fans may violent

We use cookies to give you the best possible experience. Learn more