| Thursday, 2nd June 2022, 4:48 pm

കമല്‍ഹാസനേക്കാളും അക്ഷയ് കുമാറിനേക്കാളും ആളുകള്‍ കാത്തിരിക്കുന്നത് ഒരു പട്ടിയെ; IMDbയില്‍ ഇരുവരേയും പിന്തള്ളി 777 ചാര്‍ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരിക്കല്‍ക്കൂടി ചര്‍ച്ചയായി ഒരു പട്ടിയും അതിന്റെ ഉടമയും. തമിഴ് – ബോളിവുഡ് വമ്പന്‍ ചിത്രങ്ങളെ വെല്ലുവിളിച്ച് വീണ്ടുമൊരു കന്നഡ ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യാണ് സോഷ്യല് മീഡിയയില്‍ പുതിയ തരംഗമാവുന്നത്.

കോളിവുഡിലും ബോളിവുഡിലും ഒരേസമയം വമ്പന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കെയാണ് കന്നഡയില്‍ നിന്നുള്ള ഒരു ഫീല്‍ ഗുഡ് മൂവി ഐ.എം.ഡി.ബിയില്‍ അവര്‍ക്ക് വട്ടം വെച്ചിരിക്കുന്നത്.

തമിഴില്‍ നിന്നും കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘വിക്രം’ ഈ വരുന്ന ജൂണ്‍ 3ന് വമ്പന്‍ ഹൈപ്പുമായി തിയേറ്ററുകളിലെത്തുന്നുണ്ട്. അതേ ദിവസംതന്നെയാണ് ബോളിവുഡില്‍ അക്ഷയ് കുമാര്‍-യാഷ് രാജ് കൂട്ടുക്കെട്ടിന്റെ ബിഗ്-ബഡ്ജറ്റ് ഇതിഹാസ ചിത്രം ‘പൃഥ്വിരാജ്’ റിലീസാകുന്നതും.

രണ്ട് ബ്രഹ്‌മാണ്ഡ സൂപ്പര്‍താര ചിത്രങ്ങള്‍ തെക്കും വടക്കുമായി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുമ്പോഴാണ് അടുത്തയാഴ്ച പുറത്തിറങ്ങാനുള്ള ഈ കന്നഡ ചിത്രം ഷോ സ്റ്റീലറാവാന്‍ ഒരുങ്ങുന്നത്.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബിയുടെ ഈ മാസത്തെ ഏറ്റവും പ്രേക്ഷകപ്രതീക്ഷയുള്ള ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമായി 777 ചാര്‍ളി മാറിയിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമയും ഷോകളും (Most Anticipated New Indian Movies and Shows) എന്ന പേരില്‍ ഓരോ മണിക്കൂറിലും അപ്ഡേറ് ചെയ്യപെട്ടുകൊണ്ടിരിക്കുന്ന വോട്ടിംഗ് അടിസ്ഥാനത്തില്‍ സിനിമകളുടെ ഹൈപ് നിര്‍ണയിക്കുന്ന ലിസ്റ്റിലാണ് വീണ്ടും ഒരു കന്നഡ സിനിമ മറ്റ് ഭാഷ വമ്പന്മാരെ പിന്തള്ളി ആധിപത്യം നേടിയിരിക്കുന്നത്.

No description available.

കന്നഡ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതിയ കെ.ജി.എഫ് 2 കഴിഞ്ഞ ഏപ്രില്‍ സമയത്ത് തമിഴ് സിനിമയുടെ ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തെ സമാന രീതിയില്‍ പിന്തള്ളുകയും ആ നേട്ടം ബോക്‌സ് ഓഫീസിലും ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അതൊരു അത്ഭുതമായിമാറിയിരുന്നു.

വീണ്ടും കന്നഡ സിനിമ ചരിത്രം ആവര്‍ത്തിക്കുകയാണോ എന്ന ആകാംഷയാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കന്നഡ സിനിമാലോകവും സാന്‍ഡല്‍വുഡിന്റെ പ്രേക്ഷകരും ഒന്നടങ്കം വീണ്ടുമൊരു അഭിമാന ചിത്രത്തിനായി കാത്തിരിക്കുകയാണ്. കിറിക് പാര്‍ട്ടി, അവനെ ശ്രീമന്നാരായണ എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം കന്നഡ സിനിമയുടെ ‘മിസ്റ്റര്‍-പെര്‍ഫെക്ഷനിസ്റ്റ്’ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി നായകനായി പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 777 ചാര്‍ളിക്കുണ്ട്.

മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണത്തിനായി ഏറ്റെടുത്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിലെ മലയാള പതിപ്പില്‍ ഗാനം ആലപിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നോബിന്‍ പോളാണ് സംഗീതം, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ്.കെ, രാജ് ബി. ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്.

പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി. തങ്കച്ചന്‍, അഖില്‍ എം.ബോസ്, ആദി എന്നിവരാണ്, കോസ്റ്റ്യൂം ഡിസൈനര്‍: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Content Highlight: Kannada Film 777 Charlie beat Vikram and Samrat Prithviraj in IMDb rating

We use cookies to give you the best possible experience. Learn more