തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ തമിഴ് സിനിമക്ക് സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം, ലിയോ എന്നീ സിനിമകളുടെ വന്‍ വിജയത്തിലൂടെ തമിഴിലെ മുന്‍നിരയിലേക്കെത്താന്‍ ലോകേഷിന് സാധിച്ചു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ലോകേഷ് ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കൂലി. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
രജിനിയുടെ 171ാമത് സിനിമയായ കൂലിയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയിരുന്നു. ലോകേഷിന്റെ സ്ഥിരം ശൈലിയിലായിരുന്നു കൂലിയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയത്. രജിനികാന്തിന്റെ പഴയകാല ഹിറ്റ് ചിത്രമായ രംഗയിലെ ‘അപ്പാവും താത്താവും’ എന്ന ഡയലോഗ് ആരാധകരെ ആവേശത്തിലാക്കി. ഒരുപാട് കാലത്തിന് ശേഷം രജനികാന്തും സത്യരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കൂലിക്കുണ്ട്.
ഇപ്പോഴിതാ കന്നഡയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ഉപേന്ദ്രയും കൂലിയുടെ ഭാഗമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ കന്നഡ ഇന്‍ഡസ്ട്രിയില്‍ വലിയ ചലനമുണ്ടാക്കിയ ആളാണ് ഉപേന്ദ്ര. ആരാധകര്‍ സ്‌നേഹത്തോടെ റിയല്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന ഉപേന്ദ്രയുടെ നാലാമത്തെ തമിഴ് സിനിമയാണ് കൂലി.
അല്ലു അര്‍ജുന്‍ ചിത്രം സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന തെലുങ്ക് ചിത്രത്തിലും ഉപേന്ദ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രജിനിയുടെ മുന്‍ ചിത്രമായ ജയിലറില്‍ കന്നഡയിലെ മറ്റൊരു സൂപ്പര്‍സ്റ്റാറായ ശിവരാജ് കുമാറും അതിഥി വേഷത്തിലെത്തിയിരുന്നു. ശ്രുതി ഹാസനും കൂലിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള താരം ഫഹദ് ഫാസിലും കൂലിയിലുണ്ടെന്ന് റൂമറുകളുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ വേട്ടയ്യനാണ് രജിനിയുടെ ഏറ്റവും പുതിയ റിലീസ്. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്തിന് പുറമെ അമിതാഭ് ബച്ചന്‍, റാണാ ദഗ്ഗുബട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുള്ളത്. അനിരുദ്ധ് രവിചന്ദറാണ് വേട്ടയ്യനും, കൂലിക്കും സംഗീതം നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 10ന് വേട്ടയ്യന്‍ തിയേറ്ററുകളിലെത്തും.
Content Highlight: Kannada actor Upendra onboard for Rajnikanth’s Coolie