മോദിയില്ലെങ്കില്‍ പിന്നെയാരെന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ; കൊവിഡില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കന്നഡ നടന്‍
Kerala News
മോദിയില്ലെങ്കില്‍ പിന്നെയാരെന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ; കൊവിഡില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കന്നഡ നടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 5:44 pm

ബെംഗളൂരു: കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുമ്പോഴും കേരളം അതില്‍ നിന്ന് മുക്തമായത് എടുത്തുപറയേണ്ടതാണെന്നും ചേതന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം ഭയപ്പെടുത്തുന്നു. എന്നാല്‍ കേരളം അക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു. 2020ല്‍ എത്തിയ കൊവിഡില്‍ നിന്നും കേരളം കുറേയധികം കാര്യങ്ങള്‍ പഠിച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചു. ഓക്‌സിജന്‍ വിതരണം ഇപ്പോള്‍ 58 ശതമാനത്തിലേക്ക് എത്തിച്ചു. ഇപ്പോള്‍ കര്‍ണ്ണാടക, ബെംഗളൂരൂ, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുകയാണ് കേരളം. കേരള മോഡല്‍ ഒരു റോള്‍ മോഡല്‍ തന്നെയാണ്. മോദിയില്ലെങ്കില്‍ പിന്നെയാരാണ് എന്ന് ചോദിക്കുന്നവരോട്, ഒന്നേ പറയാനുള്ളു. പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ,’ചേതന്‍ കുമാര്‍ ട്വിറ്ററിലെഴുതി.

അതേസമയം 204 ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 79 ടണ്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കൊവിഡ് പടരുന്ന ഈയവസരത്തില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ അയല്‍സംസ്ഥാനങ്ങള്‍ക്കും കേരളം ഓക്‌സിജന്‍ കയറ്റി അയക്കുന്നുണ്ട്.

എന്നാല്‍ സംസ്ഥാനത്തെ ഉപഭോഗത്തിനുള്ളത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് ഓക്സിജന്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതി ഒന്നര മെട്രിക് ടണ്‍ ഓക്‌സിജനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ 168 മെട്രിക് ടണ്‍ ഓക്സിജനുമാണ് നിലവില്‍ ഉല്‍പ്പാദിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kannada Actor Praises Pinarayi Vijayan On Covid Pandemic