ബെംഗളൂരൂ: കര്‍ണ്ണാടക തൊഴില്‍വകുപ്പ് മന്ത്രി അര്‍ബില്‍ ശിവരാം ഹെബ്ബാറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കണമെന്ന് കന്നഡ നടന്‍ ചേതന്‍ കുമാര്‍. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ മന്ത്രി സംസാരിച്ചെന്നാരോപിച്ചാണ് പരാതി.
ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇതുസംബന്ധിച്ച് ഹരജി നല്‍കുകയായിരുന്നു. തനിക്കുണ്ടായ അപമാനത്തിന് മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചേതന്റെ പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞദിവസം ബ്രാഹ്മണിസത്തിനെതിരെ നടത്തിയ ട്വീറ്റിന്റെ പേരില്‍ ചേതനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടന്റെ ട്വീറ്റ് ബ്രാഹ്മണരെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ബ്രാഹ്മണിസത്തിനെതിരെ അംബേദ്കറുടെയും പെരിയാറിന്റെയും വാക്കുകള്‍ പങ്കുവെച്ചതിനാണ് ചേതനെതിരെ കേസെടുത്തിരിക്കുന്നത്.
ചേതന്റെ ട്വീറ്റിന്റെ പേരില്‍ കര്‍ണാടക ബ്രാഹ്മണ ബോര്‍ഡ് ചെയര്‍മാന്‍ എച്ച്.എസ്. സച്ചിദാനന്ദ മൂര്‍ത്തിയുടെ പരാതിയില്‍ ബെംഗളൂരുവിലെ അള്‍സൂര്‍ഗേറ്റ് പൊലീസ് സ്‌റ്റേഷനിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 ബി, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.