'നുണകളാല്‍ കെട്ടിപ്പൊക്കിയതാണ് ഹിന്ദുത്വ';ട്വീറ്റിന്റെ പേരില്‍ കന്നഡ നടന്‍ അറസ്റ്റില്‍
national news
'നുണകളാല്‍ കെട്ടിപ്പൊക്കിയതാണ് ഹിന്ദുത്വ';ട്വീറ്റിന്റെ പേരില്‍ കന്നഡ നടന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 8:52 am

നുണകളുടെ മേല്‍ കെട്ടിപ്പൊക്കിയതാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ കുമാറിനെ (ചേതന്‍ അഹിംസ) കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നടനെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അമേരിക്കന്‍ പൗരത്വമുള്ള ചേതന്‍ ദലിത്-മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.

‘രാമന്‍ രാവണനെ പരാജയപ്പെടുത്തി അയോധ്യയിലേക്ക് മടങ്ങി വന്നതോടെയാണ് ഇന്ത്യ എന്ന രാഷ്ട്രം ആവിര്‍ഭവിച്ചത്’, ‘ബാബരി മസ്ജിദ് രാമന്റെ ജന്മസ്ഥലമാണ’, ഉരി ഗൗഡ, നഞ്ചെ ഗൗഡ എന്നീ വൊക്കലിഗ പോരാളികളാണ് ടിപ്പു സുല്‍ത്താനെ വധിച്ചത്’ മുതലായ വാദങ്ങള്‍ ഹിന്ദുത്വയുടെ വ്യാജ പ്രചരണങ്ങളാണെന്നും സത്യത്തിലൂടെ മാത്രമേ ഹിന്ദുത്വയെ പരാജയപ്പെടുത്താനാകുവെന്നും സത്യമാണ് സമത്വമെന്നുമായിരുന്നു ട്വീറ്റ്.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജി പരിഗണിച്ച ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചേതനെ അറസ്റ്റ് ചെയ്തിരുന്നു.

 

.
കന്നഡ സിനിമയായ കാന്താരയില്‍ ദൃശ്യവത്കരിച്ചിട്ടുള്ള ഭൂതക്കോലം ഹിന്ദു ആചാരത്തിന്റെ ഭാഗമല്ല എന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലും ചേതനെതിരെ കേസ് നിലനല്‍ക്കുന്നുണ്ട്.

Content Highlights: Kannada actor Chetan Kumar arrested for tweet against Hindutva