ഹിന്ദുത്വ വിമര്‍ശനം; ചേതന്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസെന്‍ഷിപ്പ് കാര്‍ഡ് കേന്ദ്രം റദ്ദാക്കി
national news
ഹിന്ദുത്വ വിമര്‍ശനം; ചേതന്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസെന്‍ഷിപ്പ് കാര്‍ഡ് കേന്ദ്രം റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 10:47 pm

ബെംഗളൂരു: കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസെന്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒ.സി.ഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ജാതീയതക്കും ബ്രാഹ്‌മണിസത്തിനുമെതിരായ ട്വീറ്റുകളുടെ പേരില്‍ മാര്‍ച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടയിലാണ് 15 ദിവസത്തിനുള്ളില്‍ ഒ.സി.ഐ കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന് ഫോറിനേഴ്‌സ് റീജിയനല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്(എഫ്.ആര്‍.ആര്‍.ഒ) കത്തയച്ചത്. മാര്‍ച്ച് 28ന് അയച്ചിരിക്കുന്ന കത്ത് വെള്ളിയാഴ്ചയാണ് ചേതന്റെ കയ്യില്‍ ലഭിക്കുന്നത്.

ഷിക്കാഗോയില്‍ താമസിക്കുന്ന ചേതന് 2018ലാണ് ഒ.സി.ഐ കാര്‍ഡ് ലഭിച്ചത്. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന അവകാശം നല്‍കുന്നതിനെയാണ് ഒ.സി.ഐ സ്റ്റാറ്റസ്(ഇന്ത്യന്‍ വിദേശ പൗരത്വം) എന്നത് കൊണ്ട് ഉദ്ദേശിക്കുത്.

സാമൂഹിക പ്രവര്‍ത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടയാണിതെന്ന് കേന്ദ്ര നടപടിക്ക് പിന്നാലെ നടന്‍ പ്രതികരിച്ചു.

”സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന ആര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന നടപടിയാണിത്.
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,’ ചേതന്‍ പറഞ്ഞു.

ഹിജാബ് വിഷയത്തിലെ ഹരജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്തതിന്റെ പേരിലും ചേതനെ അറസ്റ്റ് ചെയ്തിരുന്നു.

ബ്രാഹ്‌മണ, ജാതി മേധാവിത്തത്തെ തള്ളിപ്പറഞ്ഞ് വീഡിയോയിട്ടതിനെ തുടര്‍ന്ന് 2021 ജൂണില്‍ ചേതനെതിരെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു.

Content Highlight: Kannada actor and activist Chetan Ahimsa’s Overseas Citizenship of India (OCI) card has been canceled by the central government.