ന്യൂദല്‍ഹി: ‘സങ്കി ഹൂ നെവര്‍ വെന്റ് ടു എ ശാഖ’ എന്ന പുസ്തകത്തിന്റെ കോപി ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്.
പുസ്തകം തനിക്ക് ആസ്വദിക്കാന്‍ പറ്റുമെന്ന് ഉറപ്പാണെന്നും, ശാഖയില്‍ പോകാത്ത ഒരു സങ്കിയുടെ അനുഭവം എന്തായിരിക്കുമെന്ന് എനിക്കറിയാമെന്നുമാണ് കങ്കണ പറഞ്ഞത്.
‘എന്റെ കോപിക്ക് നന്ദി… എനിക്കറിയാം ശാഖയ്ക്ക് പോകാത്ത സങ്കിയുടെ ഫീലിംഗ് എന്തായിരിക്കുമെന്ന്…. എനിക്കുറപ്പാണ് ഇത് ഞാന്‍ ആസ്വദിക്കുമെന്ന്. നിങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷം,’ കങ്കണ ട്വീറ്റ് ചെയ്തു.
സംഘപരിവാര്‍ അനുകൂല മാധ്യമമായ ഓപ് ഇന്ത്യയുടെ സി.ഇ.ഒയായ രാഹുല്‍ റോഷനാണ് പുസ്തകം രചിച്ചത്. നിരന്തരം വ്യാജ വാര്‍ത്തകള്‍കൊടുക്കുന്നതിന് വിമര്‍ശനം ഏറ്റുവാങ്ങുന്ന ഓണ്‍ലൈന്‍ മാധ്യമം കൂടിയാണ് ഓപ് ഇന്ത്യ.
പുസ്തകം കങ്കണയ്ക്ക് നല്‍കുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ റോഷന്‍ തന്റെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പല സംഭവങ്ങളും കങ്കണയ്ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ റോഷന്‍ കങ്കണയ്ക്ക് പുസ്തകം നല്‍കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
സങ്കി എന്ന വാക്ക് കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഒരാള്‍ ആ വിളി കേള്‍ക്കേണ്ടി വരികയും അവസാനം ആ പേര് സന്തോഷത്തോടെ ഒരു ലേബലായി ഏറ്റെടുക്കുകയും ചെയ്യുന്ന സ്വന്തം അനുഭവമാണ് രാഹുല്‍ റോഷന്റെ ‘സങ്കി ഹൂ നെവര്‍ വെന്റ് ടു എ ശാഖ’ എന്ന പുസ്തകം വിവരിക്കുന്നത്.
ദശാബ്ദങ്ങളായി നെഹ്രൂവിയന്‍ സെകുലറിസം പിന്തുടര്‍ന്ന ഒരു രാജ്യം ‘വര്‍ഗീയ രാഷ്ട്രീയം’ പറയുന്ന ബി.ജെ.പിയെ എങ്ങനെ പിന്തുണച്ചു എന്നാണ് പുസ്തകം പറഞ്ഞുവെക്കുന്നതെന്നാണ് എഴുത്തുകാരന്‍ പുസ്തകത്തിന് നല്‍കുന്ന വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kankana responds about OpIndia CEO Rahul Roshoun’s book