| Wednesday, 24th May 2023, 2:19 pm

കേരള സ്‌റ്റോറി പോലെയുള്ള സിനിമകള്‍ ഇന്‍ഡസ്ട്രിയെ വലിയ രീതിയില്‍ സഹായിക്കുന്നു: കങ്കണ റണാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബോളിവുഡ് സിനിമാ നടി കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയെ അനുകൂലിച്ച് കങ്കണ മാധ്യമങ്ങളോട് സംസാരിച്ചത്.

‘സര്‍ക്കാര്‍ സംവിധാനമായ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്. ചില സംസ്ഥാനങ്ങള്‍ കേരളസ്‌റ്റോറി വിലക്കിയത് ശരിയായില്ല.

ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്‌റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്. അത്തരം സിനിമകള്‍ സിനിമാ മേഖലയെ സഹായിക്കുന്നുണ്ട്.

ജനങ്ങള്‍ ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സിനിമാ മേഖലയ്ക്ക് ഗുണം നല്‍കുന്നു. കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്ലെന്ന് ബോളിവുഡ് സിനിമാ മേഖലയെ കുറിച്ച് പ്രേക്ഷകര്‍ എപ്പോഴും പരാതി പറയാറുണ്ട്. ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നു,’ കങ്കണ പറഞ്ഞു.

നേരത്തെ വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായും പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലും നേരിട്ടല്ലാതെയുള്ള വിലക്ക് നിന്നിരുന്നു.

അതേസമയം സുപ്രീം കോടതി ബംഗാളിലേര്‍പ്പെടുത്തിയ വിലക്കിന് സ്റ്റേ നല്‍കിയിട്ടുണ്ട്.

content highlight: kankana ranaut about kerala story

We use cookies to give you the best possible experience. Learn more