ഔഫ് കൊലപാതകം; ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്‌പെന്‍ഡ് ചെയ്തു
Kerala News
ഔഫ് കൊലപാതകം; ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 5:39 pm

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഇര്‍ഷാദിനെ യൂത്ത് ലീഗ് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പില്‍ സെക്രട്ടറിയായിരുന്നു ഇര്‍ഷാദ്.

കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നേരത്തെ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കൊലപാതകം ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നും ജില്ലാ പൊലീസ് മേധാവി ശില്‍പ അറിയിച്ചു.

കൊലപാതകത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു. കസ്റ്റഡിയിലെടുത്ത ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇര്‍ഷാദ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഇര്‍ഷാദ് അടക്കം നാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ നാലുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ ഇര്‍ഷാദടക്കം മൂന്ന് പേരെ ഔഫിന്റെ സുഹൃത്ത് ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ ഔഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഔഫിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റതാണ് അതിവേഗം രക്തം വാര്‍ന്നു പോകാന്‍ കാരണമായത്. ഒറ്റക്കുത്തില്‍ കത്തി ശ്വാസകോശം തുളച്ച് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

സംഭവത്തില്‍ ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanjangad Murder Youth League Suspend Irshad