| Monday, 2nd October 2017, 7:43 am

എന്നെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മറ്റ് എഴുത്തുകാരും ഇവിടെ സുരക്ഷിതരല്ല: കാഞ്ച ഐലയ്യ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഴിമാറ്റം: അബിന്‍ പൊന്നപ്പന്‍


പോസ്റ്റ് ഹിന്ദു-ഇന്ത്യ എന്ന പ്രസാധകര്‍ 2009 ല്‍ പ്രസിദ്ധീകരിച്ച പുസ്തം പ്രസാധകര്‍ തെലുങ്കിലേക്ക് പുനപ്രസിദ്ധീകരണം നടത്തിയതിന് പിന്നാലെയാണ് എഴുത്തുകാരനും ദളിത് ചിന്തകനുമായ കാഞ്ചാ ഐലയ്യയ്ക്ക് നേരെ ആര്യവൈശ്യ വിഭാഗത്തില്‍ നിന്നും വധഭീഷണി ഉയര്‍ന്നത്. ഐലയ്യയുടെ കോളത്തൊള്ളു സാമാജിദക സ്മഗളരു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ളേഴ്സ് എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈശ്യ സംഘടനകള്‍ തെലങ്കാനയുടേയും ആന്ധ്രാപ്രദേശിന്റേയും വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു. താന്‍ ഉന്നയിക്കാന്‍ ശ്രമിച്ച സോഷ്യല്‍ സ്മഗ്ളിങ്ങിനെ കുറിച്ചും ഇന്ത്യന്‍ മുതലാളിത്തവ്യവസ്ഥിതി ജാതി വ്യവസ്ഥയെ എങ്ങനെ അട്ടിമറിക്കുന്നു എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഇദ്ദേഹം.
എന്തുകൊണ്ടാണ് തെലുങ്കാനയിലെ ആര്യ വൈശ്യാസ് നിങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. ?

സ്വകാര്യ മേഖലയിലെ മെറിറ്റും സംവരണവും പ്രമേയമാക്കി 2009 ലാണ് ഞാന്‍ ഈ പുസ്തകമെഴുതുന്നത്. വിവിധ ജാതികളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ബാര്‍ബര്‍മാരെ കുറിച്ചുള്ള അധ്യായത്തിന്‍െ പേര് സോഷ്യല്‍ ഡോക്ടേഴ്‌സ് എന്നായിരുന്നു. ദോബികളെ കുറിച്ചുള്ളത് സബ്ബാള്‍ട്ടേണ്‍ ഫെമിനിസ്റ്റ്‌സ് എന്നായിരുന്നു. ബനിയകളെ (ആര്യ വൈശ്യാസ്) കുറിച്ചുള്ളതിന്റെ പേര് സോഷ്യല്‍ സ്മഗ്ഗളേഴ്‌സ് എന്നും ബ്രാഹ്മണരെ കുറിച്ചുള്ളതിന്റേത് സ്പിരിച്ച്വല്‍ ഫാസിസ്റ്റ്‌സ് എന്നുമായിരുന്നു. ഈ ജൂണില്‍ ഒരു പബ്ലിഷര്‍ ഇതിലെ ഓരോ പതിപ്പും ഒരോ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഇതാണ് ആര്യ വൈശ്യ സമുദായത്തെ പ്രകോപിപ്പിച്ചത്. രണ്ടു പേര്‍ എനിക്കെതിരെ ചാനലിലൂടെ വധ ഭീഷണി മുഴക്കി. ടി.ഡി.പി എം.പിയായ പി.ജി വെങ്കിടേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞത് മിഡില്‍ ഈസ്റ്റിലേതു പോലെ എന്നെ തൂക്കിലേറ്റണമെന്നായിരുന്നു. സെപ്തംബര്‍ 23 ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരികെയായിരുന്നു എന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. എന്റെ ഡ്രൈവര്‍ കൃത്യമായി എന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതു കൊണ്ടു മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. ഓസ്മാനിയ സര്‍വ്വകലാശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പക്ഷെ ഒന്നും ചെയ്തില്ല. കര്‍ണാടകയിലെ ബുദ്ധിജീവികള്‍ക്ക് സിദ്ധരാമയ്യ ചെയ്തു കൊടുത്തത്രപോലും ചെയ്തില്ല.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരെങ്കിലും നിങ്ങളുമായി ബന്ധപ്പെട്ടിരുന്നോ?

തെലുങ്കാനയിലെ ആഭ്യന്തരമന്ത്രിയും മന്ത്രിമാരും ആര്യ വൈശ്യര്‍ക്കൊപ്പം ചേര്‍ന്ന് എനിക്കെതിരെ തിരിയുകയായിരുന്നു. മുഖ്യമന്ത്രി നിശബ്ദനാണ്. പുസ്തകം നിരോധിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ പൊരുതുന്ന സാഹചര്യമൊന്ന് നോക്കൂ, എന്റെ അയല്‍ സംസ്ഥാനത്താണ് ഗൗരി ലങ്കേഷനും എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത്. അതെന്നെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് ഞാന്‍ സ്വയം വീട്ടു തടങ്കല്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന് അകത്തും പുറത്തും പ്രശസ്തനായ ഒരു ബുദ്ധിജീവിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ മറ്റ് ബുദ്ധിജീവികളുടെ സ്ഥിതി എന്തായിരിക്കും?

ബനിയകളെ സോഷ്യല്‍ സ്മഗ്ഗളേഴ്‌സ് എന്നു വിളിച്ചതു കൊണ്ട് താങ്കളെന്താണ് ഉദ്ദേശിച്ചത് ?

ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ചൂഷണത്തെ കുറിച്ച് പറയാനായി ഞാന്‍ രൂപപ്പെടുത്തിയ ഒരാശയമാണത്. താഴേക്കിടയില്‍ നിന്നും ഒരാളിലേക്ക് മാത്രമായി സഞ്ചരിക്കുന്ന സമ്പത്തിനെ കുറിച്ച്. അംബാനിമാരും അദാനിമാരും മിത്തലും പോലുള്ളവരുള്ളത്. സമ്പത്തിന്റെ സൃഷ്ടാക്കളായവരിലേക്ക് തിരിച്ച് വരാത്ത പണത്തിന്റെ സഞ്ചാരമാണത്. ചരിത്രപരമായി ബനിയകളും ബ്രാഹ്മണരും തമ്മിലുള്ള ബന്ധം കാരണം ആ പണം അമ്പലങ്ങളിലേക്കും കടത്തപ്പെട്ടിരുന്നു. ഇതാണ് മധ്യകാലഘട്ടത്തിലെ മെര്‍ക്കന്റൈല്‍ ക്യാപ്പിറ്റലിന്റേയും മധ്യകാലത്തിന്റെ അവസാനം ഇന്‍ഡിജിയസ് ക്യാപിറ്റലിന്റേയും വളര്‍ച്ചയ്ക്ക് കാരണമായത്.

ഈ സാമ്പത്തിക ചക്രം ചലിക്കുന്നത് മനു, കൗടില്യ, വേദിക് ആത്മീയ ശാസനം അനുസരിച്ചാണ്. പശ്ചാത്യരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ സമ്പത്ത് കൈകാര്യം ചെയ്തിരുന്നത് ഒരു ജാതിയില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു. സ്മഗ്ഗളിംഗ് എന്നാല്‍ സമ്പത്ത് ദേശത്തിന്റെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് അനധികൃതമായി കടത്തുന്നതാണ്. സോഷ്യല്‍ സ്മഗ്ഗ്‌ളിംഗ് എന്നാല്‍ എല്ലാ ജാതിയുടേയും സമ്പത്ത് ഒരു ജാതിയിലേക്ക് കടത്തുന്നതാണ്. അത് ബനിയകളാണ്. സമ്പത്ത് രാജ്യത്തിന് അകത്തു തന്നെയായിരിക്കും പക്ഷെ ഒരു ജാതിയുടെ നിയന്ത്രണത്തിലായിരിക്കും. സമ്പത്ത് കൃഷിയിലേക്കും വിദ്യാഭ്യാസത്തിലേക്കും മറ്റ് മേഖലകളിലേക്കും തിരിച്ച് പോകുന്നില്ല. ചരിത്രത്തില്‍ മാറ്റമല്ല, ഈ ആധുനിക ലോകത്തും ഇതു നിലനില്‍ക്കുന്നു. ഇതുകൊണ്ടാണ് രാജ്യത്തെ 46 ശതമാനം കോര്‍പ്പറേറ്റ് ഭീമന്മാരും ബനികളായത്. അവരുടെ ജനസംഖ്യ 1.9 ശതമാനം മാത്രമാണ്. രണ്ടാമത് ബ്രാഹ്മണരാണ്. 44.6 ശതമാനം കോര്‍പ്പറേറ്റ് ഭീമന്മാരുണ്ട് ബ്രാഹ്മണര്‍ക്കിടയില്‍.

ഈ സാമ്പത്തിക വ്യവസ്ഥയില്‍ ജാതിയെ എതിര്‍ക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?

ജാതി നിയന്ത്രിക്കുന്ന ഈ സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യമേഖലയില്‍ സംവരണം അനുവദിക്കില്ല. നമ്മുടെ യോഗ്യതയില്ലായ്മയെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പണമുണ്ടാക്കാന്‍ കഴിയുമെന്ന് കൃഷിയിലൂടെ തന്നെ നമ്മള്‍ നമ്മുടെ യോഗ്യത തെളിയിച്ചതാണ്. പിന്നെ എന്തുകൊണ്ടാണ് 90 ശതമാനം വരുന്ന ജാട്ട്, പ്‌ട്ടേല്‍ പോലുള്ള സമൂദായവുമായി അവര്‍ സമ്പത്ത് പങ്കിടാത്തതും സ്വകാര്യമേഖലയില്‍ അവസരം നല്‍കാത്തതും.

പുസ്തകം പിന്‍വലിക്കാന്‍ നിങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു വെന്നത് ശരിയാണോ?

തങ്ങള്‍ സോഷ്യല്‍ സ്മഗ്ഗളേഴ്‌സ് അല്ലെന്ന് തെളിയിക്കാന്‍ ബനിയകള്‍ക്ക് മുന്നില്‍ ഞാന്‍ വെച്ച ഉപാധികള്‍ ഇതായിരുന്നു. നമ്മുടെ പട്ടാളക്കാരെ നോക്കൂ. ദേശീതയെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ മോദിയും അമിത് ഷായും അവരെ കുറിച്ചായിരിക്കും സംസാരിക്കുക. എന്നാല്‍ ഇവരിലെ ഫൂട്ട് സോള്‍ജ്യേഴ്‌സില്‍ ബനിയകളോ ബ്രാഹ്മണരോ ഇല്ല. അതിര്‍ത്തിയില്‍ രാജ്യം കാക്കുന്ന പട്ടാളക്കാരുടെ വീട്ടിലെ ഒരാള്‍ക്കു വീതം സ്വകാര്യമേഖലയില്‍ ജോലി നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. കര്‍ഷക ആത്മഹത്യ രാജ്യത്തെ മുഖ്യ പ്രശ്‌നമാണ്. കര്‍ഷകരുടെ സംരക്ഷണത്തിനായി വ്യവസായ മേഖലയുടെ സമ്പത്തില്‍ നിന്നും വെറും ഒരു ശതമാനം മാത്രം മാറ്റി വെക്കണമെന്നാണ് ഞാന്‍ പറയുന്നത്. കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി എന്നത് ജാതി വ്യവസ്ഥയ്‌ക്കെതിരെ പൊരുതുന്നില്ല. നമ്മുക്ക് വേണ്ടത് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയാണ്.

ഈ സോഷ്യലി സ്മഗ്ഗ്ള്‍ഡ് ക്യാപ്പിറ്റല്‍ കൊണ്ട് സമൂഹത്തില്‍ ഉണ്ടാകുന്ന അനന്തരഫലമെന്താണ് ?

ദ തിയറി ഓഫ് മോറല്‍ സെന്റിമെന്റ്‌സ് എഴുതുമ്പോള്‍ ആഡം സ്മിത്ത് പറയുകയുണ്ടായി ധാര്‍മ്മികതയില്ലാതെ സുതാര്യമായ ക്യാപിറ്റലിസത്തിന് നിലനില്‍പ്പില്ലെന്ന്. വില്‍ക്കുന്നവനും വാങ്ങുന്നവനും പരസ്പരം വിശ്വാസ്യതയോടെ പെരുമാറണം. ബനിയ-ബ്രാഹ്മണ സാമ്പത്തിക വ്യവസ്ഥയില്‍ ദരിദ്രരോട് ഈ എംപതിയില്ല. സമ്പത്തിന്റെ ശ്രോതസായ കര്‍ഷകരുടെ മരണത്തെ പോലും പരിഗണിക്കുന്നില്ല. അതിര്‍ത്തിയിലെ പട്ടാളക്കാരെ പോലെ തന്നെ വ്യവസായികളും തങ്ങളുടെ രാജ്യസ്‌നേഹം തെളിയിക്കണം.

എന്തുകൊണ്ടാണ് ഇന്ന് എഴുത്തുകാര്‍ ഇത്രയധികം രോക്ഷവും എതിര്‍പ്പും നേരിടുന്നത് ?

ദൈവങ്ങളേയും സൂക്തങ്ങളേയും സ്ത്രീകളേയും കുറിച്ച് എഴുതുമ്പോള്‍ മുമ്പും വിവാദങ്ങളുണ്ടാകുമായിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായി അക്കാദമിക് ആയിരുന്നു. ഗവേഷകനെന്ന നിലയ്ക്ക് ഇത് രൂപപ്പെടുത്താനുള്ള പൂര്‍ണ്ണ അവകാശം എനിക്കുണ്ട്. തെരുവില്‍ തീര്‍ക്കാന്‍ കഴിയുന്ന വിഷയമല്ലിത്. ഖേദമെന്തെന്നാല്‍ ഇന്ത്യയിലെ ബുദ്ധിജീവികള്‍ ഇതുവരേയും ഈ സംവാദത്തില്‍ പങ്കെടുത്തിട്ടില്ല. ഗോഹത്യകളുടേയും ബുദ്ധിജീവികളെ വധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകളും ലിബറലുകളും നിശബ്ദരായ, ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ അത് വളരെ ഭീതിപ്പെടുത്തുന്നതാണ്. ഞാനൊരു താഴ്ന്ന ജാതിയില്‍ നിന്നുള്ളവനായത് കൊണ്ടാണോ പുരോഗമ ചിന്തകരായവരൊന്നും പ്രതികരിക്കാത്തത് ?…

We use cookies to give you the best possible experience. Learn more