ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ നയിക്കുന്ന സഖ്യം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഭരണം അട്ടിമറിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കൊടുത്തതെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. മാതൃഭൂമി ന്യൂസിനോടായിരുന്നു കനിമൊഴിയുടെ പ്രതികരണം.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ കോണ്‍ഗ്രസിന് കൊടുത്തിരുന്നെങ്കില്‍ ഇത്തവണ അത് 25 സീറ്റുകളിലേക്ക് ഒതുങ്ങിയതെന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനിമൊഴി.
‘പലയിടങ്ങളിലും അധികാരത്തിലിരക്കുന്ന സര്‍ക്കാരുകളെ ബി.ജെ.പി വന്ന് അട്ടിമറിക്കുന്ന കാഴ്ച നമ്മള്‍ എല്ലാം കണ്ടതാണ്. ഏറ്റവും ഒടുവില്‍ പോണ്ടിച്ചേരിയിലും സമാനമായ അവസ്ഥ കണ്ടു. അതുകൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലും ഡി.എം.കെ തന്നെ ജയിച്ചിട്ടേ കാര്യമുള്ളു. അത് മനസിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മുന്നണിയില്‍ നില്‍ക്കുന്നത്. ഇപ്പോഴത്തെ മുഖ്യലക്ഷ്യം ജയിക്കണം, അധികാരത്തില്‍ വരണം എന്നത് തന്നെയാണ്,’ എന്നായിരുന്നു കനിമൊഴി പറഞ്ഞത്.
തമിഴ്‌നാട്ടില്‍ ഇത്തവണ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന. ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാലും തമിഴ്നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് നിങ്ങള്‍ക്ക് സ്റ്റാലിന്‍ തരുന്ന ഉറപ്പാണ് എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക