| Sunday, 9th August 2020, 7:08 pm

ഇന്ത്യക്കാരിയെന്നാല്‍ ഹിന്ദി അറിയണം എന്നായത് എന്നുമുതലാണെന്ന് കനിമൊഴി; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവെച്ചതോടെ കൊടുങ്കാറ്റായി ട്വീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് തനിക്കെതിരെയുണ്ടായ ദുരനുഭവം പങ്കുവെച്ച് ഡി.എം.കെ എം.പി കനിമൊഴി. തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്ന് കനിമൊഴി പറഞ്ഞു.

‘ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാനും വിമാനത്താവളത്തില്‍ വെച്ച് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയോട് ഞാന്‍ പറഞ്ഞപ്പോള്‍ അവരെന്നോട് ചോദിച്ചത് ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ എന്നാണ്. ഇന്ത്യക്കാരിയെന്നാല്‍ ഹിന്ദി അറിയണം എന്നായത് എന്നുമുതലാണ് എന്നെനിക്ക് അറിയണം’, സംഭവത്തെക്കുറിച്ച് കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ.

#hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്.കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ മഹിളാ വിങ് സെക്രട്ടറിയുമാണ് കനിമൊഴി.

തന്റെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കനിമൊഴി സംഭവം വിവാദമായതിന് പിന്നാലെ ന്യൂസ് 18-നോട് പ്രതികരിച്ചു. മറ്റാരെക്കാളും ഇന്ത്യക്കാരിയാണ്. ബി.ജെ.പി അതിനെയെല്ലാ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയമടത്തം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയാണ് അവര്‍ നടത്തുന്നതെന്നും കനിമൊഴി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും എം.പിയുമായ കാര്‍ത്തി ചിദംബരവും കനിമൊഴിക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തു. ‘ഇത് ശരിക്കും അപഹാസ്യവും അപലപനീയവുമാണ്. ഭാഷാപരമായ പരീക്ഷണത്തിന് ശേഷം അടുത്തകതെന്താണ്?’, കാര്‍ത്തി ചിദംബരം പറഞ്ഞു.

‘ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. ഹിന്ദിയുമായി അതിന് യാതൊരു ബന്ധവുമില്ല’, എന്ന ട്വീറ്റുകളും ട്വിറ്ററില്‍ നിറയുന്നുണ്ട്.

സംഭവം വിവാദമായതോടെ എം.പിയോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ.എസ്.എഫ് ട്വിറ്ററിലൂടെ അറിയിച്ചു. ഏതെങ്കിലും പ്രത്യേക ഭാഷ നിര്‍ബന്ധിക്കുന്നത് സി.ഐ.എസ്.എഫിന്റെ നയമല്ല. അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ടെന്നും സി.ഐ.എസ്.എഫ് പറഞ്ഞു.

ള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more