ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വനിത ബില്ലിന് പിന്നില്‍ രഹസ്യങ്ങളുടെ മൂടുപടമാണെന്ന് വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴി.
രഹസ്യമാക്കി വെച്ചാണ് സര്‍ക്കാര്‍ സ്ത്രീ സംവരണ ബില്‍ അവതരിപ്പിച്ചതെന്നും പെട്ടിക്കുള്ളില്‍ നിന്ന് പൊങ്ങിവന്ന കളിപ്പാവ പോലെയാണതെന്നും കനിമൊഴി വിമര്‍ശിച്ചു. സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നതും ആരാധിക്കുന്നതും ഒഴിവാക്കി തുല്യരായി കാണണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.
27 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടി തല്പരകക്ഷികളോട് കൂടിയാലോചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് കനിമൊഴി തുടങ്ങിയത്.
‘ഞാന്‍ തന്നെ ഈ വിഷയം പലപ്പോഴായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതികരണത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് തങ്ങള്‍ക്ക് എല്ലാ അംഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്യണമെന്നായിരുന്നു അവരുടെ മറുപടി.
പൊതുവായി എന്ത് തീരുമാനമാണ് എടുത്തതെന്നും എന്തൊക്കെ ചര്‍ച്ചകളാണ് നടന്നതെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രഹസ്യമാക്കി വെച്ചാണ് ഈ ബില്‍ കൊണ്ടുവന്നത്. എന്തിനാണ് ഈ പ്രത്യേക സെഷന്‍ വിളിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.
സര്‍വകക്ഷി നേതാക്കളുടെ യോഗത്തില്‍ ഈ ബില്ലിനെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ല. രാഷ്ട്രീയ നേതാക്കളെ ആരെയെങ്കിലും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നോ എന്നുമറിയില്ല. പെട്ടെന്ന് ഞങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ബില്‍ പൊങ്ങി വന്നു. പെട്ടിക്കുള്ളില്‍ നിന്ന് പൊങ്ങിവന്ന കളിപ്പാവ പോലെ,’ കനിമൊഴി പറഞ്ഞു.
ഇങ്ങനെയാണോ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും സെക്രട്ടറിയേറ്റ് സ്റ്റാഫുകളുടെ യൂണിഫോമുകളില്‍ പെട്ടെന്ന് താമരകള്‍ വിരിയുന്നത് കണ്ടതുപോലെ എല്ലാം സര്‍പ്രൈസ് ആയിരിക്കുമോ എന്നും കനിമൊഴി ചോദിച്ചു.
Content Highlights: Kanimozhi questions the sudden action of Central Government on Women’s Bill