| Tuesday, 13th June 2023, 10:25 am

ആദ്യം തമിഴിനെ അംഗീകരിക്കൂ; അത് കഴിഞ്ഞല്ലേ പ്രധാനമന്ത്രി: കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആദ്യം തമിഴിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നും എന്നിട്ടാകാം പ്രധാനമന്ത്രിയാക്കുന്നതെന്നും ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. കോടതി വ്യവഹാര ഭാഷയായും തമിഴിനെ അംഗീകരിക്കണമെന്നും കനിമൊഴി ട്വീറ്റ് ചെയ്തു. തമിഴനെ പ്രധാനമന്ത്രിയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കനിമൊഴിയുടെ ട്വീറ്റ്.

‘ തമിഴനെ പ്രധാനമന്ത്രിയാക്കട്ടെ. ആദ്യം കേന്ദ്രത്തില്‍ ഔദ്യോഗിക ഭാഷയായും സുപ്രീം കോടതിയില്‍ വ്യവഹാര ഭാഷയായും തമിഴിനെ അംഗീകരിക്കൂ,’ കനിമൊഴി പറഞ്ഞു.

തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡി.എം.കെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെയും കനിമൊഴി തള്ളിയിരുന്നു. തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡി.എം.കെ മുടക്കിയെന്ന വാദം തെറ്റാണെന്നും ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബി.ജെ.പി മിടുക്കരാണെന്നും അവര്‍ പറഞ്ഞു. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡി.എം.കെയെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

‘തമിഴരെ അംഗീകരിക്കുകയാണ് ബി.ജെ.പി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ,’ കനിമൊഴി പറഞ്ഞു.

തമിഴനെ പ്രധാനമന്ത്രി ആക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഭാവിയില്‍ ഒരു തമിഴന്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതിജ്ഞ എടുക്കണമെന്നും പാവപ്പെട്ട തമിഴ് കുടുംബത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി ആകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ. മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ഡി.എം.കെ തടഞ്ഞുവെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരിച്ചു.

അമിത് ഷായ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏതെങ്കിലും വിധത്തിലുള്ള അമര്‍ഷമുണ്ടോയെന്നാണ് ഇതിനെ പരിഹസിച്ച് സ്റ്റാലിന്‍ പറഞ്ഞത്. അമിത് ഷായുടെ നിര്‍ദേശത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ മോദിയോട് അമിത് ഷായ്ക്ക് എന്തുകൊണ്ടാണ് ദേഷ്യമെന്ന് മനസിലാകുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

CONTENT HIGHLIGHTS: kanimozhi against amit shah

We use cookies to give you the best possible experience. Learn more