ഗായിക കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉത്തര്‍പ്രദേശില്‍ സൃഷ്ടിച്ചത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം കണിക സംഘടിപ്പിച്ച പാര്‍ട്ടികളില്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും മറ്റ് പ്രമുഖരും പങ്കെടുത്തിരുന്നു. കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം ഇവരില്‍ പലരും നിരീക്ഷണത്തിലായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കണികക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് താമസിച്ചിരുന്ന ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്നു എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള പരമ്പരയിലെ മത്സരം കളിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ ടീം ലഖ്‌നൗവിലെത്തിയത്. പരമ്പര പിന്നീട് നീട്ടിവെച്ചിരുന്നു.
ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ കണിക പങ്കെടുത്തിരുന്നുവെന്നും നിരവധി പ്രമുഖരുമായി അവിടെ സംസാരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് കണിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ